Sun. Nov 17th, 2024
തിരുവനന്തപുരം:

ഞായറാഴ്ചയോടെ മൂന്നൂറിലധികം ഫാസ്റ്റ് പാസ‍ഞ്ച‌ർ സർവീസുകൾ നിർത്തലാക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. ഇതോടെ, ദീര്‍ഘദൂരയാത്രക്കാർക്ക് പലയിടങ്ങളിലും ഇറങ്ങി, പുതിയ വണ്ടി മാറിക്കയറേണ്ട അവസ്ഥയായിരിക്കും ഇനി ഉണ്ടാകാൻ പോകുന്നത്. സ്വകാര്യ ബസ് ലോബികളെ സഹായിക്കാനുള്ള നടപടിയാണിതെന്ന്, പുതിയ പരിഷ്ക്കാരത്തിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു.

എന്നാൽ, വർഷങ്ങളായി ഓടുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകളെ നിര്‍ത്തലാക്കി പകരം നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചെയിൻ സർവ്വീസുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ വേണ്ടിയാണീ പുതിയ തീരുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം.

ഇതോടെ, തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകേണ്ട യാത്രാക്കാർ ഇനി മുതൽ കായംകുളത്തോ കൊല്ലത്തോ ഇറങ്ങി മറ്റൊരു ബസ്സ് കയറണം. തൃശൂർ- കോട്ടയം-തിരുവനന്തപുരം റൂട്ടിലും തൃശൂർ – ആലപ്പുഴ – തിരുവനന്തപുരം റൂട്ടിലും ഓടുന്ന ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിർത്തലാക്കുന്നത്. കാലാകാലങ്ങളായി സർവീസ് നടത്തുന്ന തൊടുപുഴ- തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ പോലും ഇനിയുണ്ടാകില്ല.

പക്ഷെ, 15 മിനിറ്റ് നേരത്തെ ഇടവേളകളിൽ യാത്രക്കാർക്കായി സൂപ്പര്‍ഫാസ്റ്റ് ബസ്സ് ലഭ്യമാക്കിയിരിക്കുന്നതിനാൽ, ദീര്‍ഘദൂരയാത്രകളില്‍ യാത്രാ ക്ലേശമുണ്ടാകില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി അഭിപ്രായപ്പെടുന്നത്. ഇതുവഴി, ഒരേ സമയം ഒരേ റൂട്ടിലേക്ക് കെ.എസ്.ആർടി.സിയുടെ തന്നെ പല സർവ്വീസുകൾ നടത്തുന്ന സാഹചര്യം ഇനി മാറിക്കിട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബസ്സുക‌ൾ പുതിയ റൂട്ടിലേക്ക് മാറ്റുന്നതോടെ സാമ്പത്തികമായും ലാഭമുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി. കണക്ക് കൂട്ടുന്നു

Leave a Reply

Your email address will not be published. Required fields are marked *