ഫ്ലോറിഡ:
ഋഷഭ് പന്തിനെപ്പോലെ ഒരുപിടി യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് വിന്‍ഡീസ് പര്യടനമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സൈനിക സേവനത്തിനായി ടീമിൽ നിന്നും വിട്ടുനില്‍ക്കുന്ന ഫിനിഷർ എം. എസ്. ധോണിയുടെ പകരക്കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായാണ് ഋഷഭ് പന്ത് ടീമിലുള്ളത്.
‘ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനും മികവ് കാട്ടാനും ഋഷഭ് പന്തിനെ പോലൊരു താരത്തിന് സുവര്‍ണാവസരമാണിത്. സ്വന്തം പ്രതിഭയെ പന്തിന് തുറന്നുകാട്ടാനുള്ള സമയമാണിത്. പന്ത് എത്രത്തോളം പ്രതിഭാധനനായ താരമാണെന്ന് നമുക്കറിയാം. സ്ഥിരതയാര്‍ന്ന താരമായി പന്ത് വളരുന്നത് കാണാനാണ് ആഗ്രഹം’ എന്നും കോഹ്ലി കൂട്ടിച്ചേർത്തു.
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതോടെ മുൻ നായകനും മികച്ച ഫിനിഷർമാരിലൊരാളുമായ എം.എസ്. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള നിഗൂഢത തുടരുകയാണ്. ധോണി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവതാരം പന്ത് വിന്‍ഡീസില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആയി എത്തുന്നത്. പര്യാടനത്തിൽ, വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. ഫ്ലോറിഡയില്‍ ഇന്ന് രാത്രി എട്ടിനാണു ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ആദ്യ ട്വന്റി-20.