Thu. Jan 23rd, 2025
ട്രെന്റോ (ഇറ്റലി) :

അമല പോളും, ഫഹദ് ഫാസിലും തകർത്തഭിനയിച്ച സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയ കഥ’ പ്രേക്ഷക ഹൃദയങ്ങളെ വളരെയധികം ആകർഷിച്ച ഒരു സിനിമ ആയിരുന്നു. അനാഥ ശാലയിൽ തന്നെ ഉപേക്ഷിച്ചു പോയ മാതാപിതാക്കളെ തേടി കാനഡയിൽ നിന്നും വന്ന ഒരു യുവതിയുടെ കഥയാണ് ആ സിനിമയുടെ പ്രമേയം. അതൊരു സിനിമാക്കഥ ആയിരുന്നെങ്കിലും അതിനെ അനുസ്മരിപ്പിക്കുന്ന ഒരു യഥാർത്ഥ സംഭവം കേരളത്തിൽ നടന്നിരിക്കുന്നു. നവ്യ സോഫിയ ദോറിഗാട്ടി എന്ന മുപ്പത്തഞ്ചുകാരിയായ ഇറ്റാലിയൻ പൗരയാണ് തന്നെ അനാഥാലയത്തിൽ ഉപേക്ഷിച്ച അമ്മയെ കണ്ടെത്താൻ മലയാളികളുടെ സഹായം അഭ്യർത്ഥിക്കുന്നത്.

കോഴിക്കോട്ടെ ഒരു അനാഥ മന്ദിരത്തിൽ 1984 മാർച്ച് 31 നായിരുന്നു അവിവാഹിതയായ പത്തൊമ്പതുകാരി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തരം കുട്ടിയെ അനാഥ ശാലയിൽ ഏൽപ്പിച്ച് യുവതി വീട്ടിലേക്കു പോയി. സോഫിയ എന്നായിരുന്നു യുവതി അവിടെ പേര് പറഞ്ഞത്. യുവതിയുടെ അമ്മയെന്ന് തോന്നിക്കുന്ന തങ്കമ്മ എന്ന സ്ത്രീയും കൂടെ ഉണ്ടായിരുന്നു. ‘നവ്യ’ എന്ന് പേരിട്ട് അനാഥശാല അധികൃതർ 18 മാസം അവിടെ കുഞ്ഞിനെ വളർത്തി. തുടർന്ന് അവരുടെ തന്നെ വയനാട് ശാഖയിലേക്ക് കുഞ്ഞിനെ മാറ്റി. അവിടെ ആറ് മാസം കഴിഞ്ഞപ്പോൾ ഈ കുഞ്ഞിനെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് ഒരു ഇറ്റാലിയൻ ദമ്പതികൾ എത്തിയിരുന്നു. അവർ കുഞ്ഞിനെ നിയമ പ്രകാരം ദത്തെടുത്ത് ഇറ്റലിയിലേക്ക് കൊണ്ടുപോയി.

സിൽവാനോ ദോറിഗാട്ടി, ടിസിയാന ദോറിഗാട്ടി ദമ്പതികൾ ആയിരുന്നു നവ്യയെ ദത്തെടുത്തത്. അവർ തങ്ങളുടെ മകനോടൊപ്പം നവ്യയെ വളർത്തി. ഒൻപതാം വയസ്സിൽ തിരിച്ചറിവായപ്പോൾ തനിക്ക് എന്താണ് വെള്ളക്കാരായ മാതാപിതാക്കളുടെയും സഹോദരന്റെയും നിറം ലഭിക്കാതിരുന്നതെന്ന് പരാതി പറഞ്ഞ നവ്യയോട് ഇറ്റാലിയൻ മാതാപിതാക്കൾ തന്നെയാണ് ദത്തെടുത്ത വിവരം പറയുന്നത്. അന്ന് മുതലേ സ്വന്തം അമ്മയെ കണ്ടെത്താൻ നവ്യയുടെ പിഞ്ചു ഹൃദയം വെമ്പൽ കൊണ്ടിരുന്നു.

തുടർന്ന് പഠനം പൂർത്തിയാക്കിയ നവ്യ പ്രശസ്തമായ ‘കൂപ്പ് ഇറ്റാലിയ’ എന്ന ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരിയായി. അവിടെ വെച്ച് പരിചയപ്പെട്ട എയ്ഞ്ചലോ നിക്കോഷ്യ എന്ന യുവാവുമായി നവ്യ പ്രണയത്തിലായി പിന്നീട് വിവാഹിതയുമായി. ഈ ദമ്പതികൾക്ക് രണ്ടു പെൺകുഞ്ഞുങ്ങളുമുണ്ട്. അമ്മയെ കാണാനുള്ള മോഹം കലശലായപ്പോൾ നവ്യ 2010 ഒക്ടോബറിൽ ഭർത്താവിനോടൊപ്പം കേരളത്തിൽ എത്തി. വയനാട്ടിലെ അനാഥശാലയിൽ അന്വേഷിച്ചെങ്കിലും അമ്മയുടെ പേര് അല്ലാതെ മേൽവിലാസമോ മറ്റു രേഖകളോ അവിടെ ലഭ്യമല്ലായിരുന്നു. 33 വർഷം മുന്നേയുള്ള ജീവനക്കാരും ഉണ്ടായിരുന്നില്ല. അതോടെ പത്തു ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം നിരാശയോടെ നവ്യ തിരിച്ചു പോയി.

പിന്നീട് കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ച് വീട്ടമ്മയായി മാറിയതോടെയാണ് നവ്യ വീണ്ടും അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചത്. ഫേസ്‌ബുക്കിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തിയായിരുന്നു ശ്രമം. അമ്മയെ അന്വേഷിച്ചുള്ള നവ്യയുടെ വീഡിയോയും, ഫേസ്‌ബുക്ക് പോസ്റ്റും മലയാളികൾ ഏറ്റെടുത്തു. അതിനാൽ തികഞ്ഞ ശുഭ പ്രതീക്ഷയോടെ ഏതു സമയവും ‘എന്റെ മോളെ’ എന്ന് വിളിച്ച് അമ്മയുടെ ഒരു ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയാണ്‌ നവ്യ. “അമ്മയോട് എനിക്ക് ഒരു ദേഷ്യവും ഇല്ല…അമ്മയെ ഒന്ന് കാണണം…കെട്ടി പിടിക്കണം…അത്ര മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. എന്റെ അമ്മയെ കണ്ടുപിടിക്കാന്‍ എന്നെ ഒന്നു സഹായിക്കാമോ?,” നവ്യ ചോദിക്കുന്നു.

അമ്മയെ തേടിയുള്ള നവ്യയുടെ ശ്രമങ്ങൾക്ക് വോക്ക് മലയാളം നൽകി വരുന്ന പിന്തുണക്കു നവ്യ നന്ദി അറിയിച്ചു. വോക്ക് മലയാളം പ്രതിനിധിയുമായി നവ്യ നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

ഒൻപത് വർഷം മുന്നേ അമ്മയെ അന്വേഷിച്ച് കേരളത്തിൽ എത്തിയപ്പോൾ എന്തായിരുന്നു അനുഭവം?

ന്ന് അനാഥശാലയിൽ ആണ് അന്വേഷിച്ച് ചെന്നത്. എന്റെ ഇറ്റാലിയൻ മാതാപിതാക്കൾ ദത്തെടുക്കലുമായി ബന്ധപ്പെട്ടു എനിക്ക് തന്ന രേഖകളിൽ ഉള്ള വിവരം മാത്രമേ അവിടെയും കണ്ടെത്താൻ കഴിഞ്ഞുള്ളു. പക്ഷെ പുറമെ ചിലരോട് അന്വേഷിച്ചപ്പോൾ അമ്മ മരിച്ചു പോയി എന്ന തെറ്റായ വിവരം ആയിരുന്നു തന്നത്. അതോടെ കൂടുതൽ അന്വേഷണങ്ങൾക്ക് മുതിരാതെ ഞങ്ങൾ തിരിച്ചു പോയി. എന്നാൽ പിന്നീടാണ് മനസ്സിലാക്കിയത് അത് എന്റെ അമ്മയെ കുറിച്ചല്ല അനാഥശാലയിൽ ഉണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ അമ്മയെ കുറിച്ചുള്ള വിവരം ആയിരുന്നു എന്ന്.

അമ്മ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പുണ്ടോ?

തീർച്ചയായും. ഞാൻ ജനിക്കുമ്പോൾ അമ്മക്ക് വെറും 19 വയസ്സ് ഉണ്ടായിരുന്നുള്ളു. അപ്പോൾ അമ്മക്ക് 54 വയസ്സ് മാത്രമേ ഉണ്ടാകാൻ സാധ്യത ഉള്ളു. മിക്കവാറും അമ്മ ഒരു കുടുംബ ജീവിതം നയിക്കുകയായിരിക്കും. അമ്മയുടെ കുടുംബം തകർക്കണമെന്നു എനിക്ക് ഒട്ടും ആഗ്രഹമില്ല. എനിക്ക് ഇവിടെ ഇറ്റലിയിൽ ഒരു കുറവുമില്ല. അമ്മയെ കാണണം. കെട്ടിപിടിക്കണം. എന്നെ ഉപേക്ഷിച്ച അമ്മയോട് എനിക്ക് ഒട്ടും ദേഷ്യമില്ല. അഥവാ അമ്മയുടെ സ്ഥിതി മോശമാണെങ്കിൽ അമ്മയെ ഇറ്റലിയിൽ കൊണ്ടുപോയി ശുശ്രൂഷിക്കാനും ഞാൻ തയ്യാറാണ്. എന്തായാലും അമ്മ ജീവിച്ചിരിക്കുന്നു എന്നാണ് എന്റെ മനസ്സ് പറയുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന ശ്രമങ്ങൾക്ക് എങ്ങനെയാണ് പ്രതികരണം?

ളരെ നല്ല പ്രതികരണമാണ് പൊതുവിൽ. ധാരാളം പേർ ഷെയർ ചെയ്യുന്നുണ്ട്. വളരെ പേർ പിന്തുണയുമായി എത്തിയിട്ടുണ്ട്. പക്ഷെ അതോടൊപ്പം വേദനിപ്പിക്കുന്ന സംഭവങ്ങളും ഉണ്ട്. അനാവശ്യമായി സന്ദേശങ്ങൾ അയക്കുന്ന വലിയൊരു കൂട്ടം ഉണ്ട്. അതോടെ എന്റെ മെസ്സഞ്ചർ ഇൻ ബോക്സ് തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. പ്രേമാഭ്യർത്ഥനയും, പാട്ടു പാടാമോ, ഇറ്റലിയിൽ ജോലി ശരിയാക്കി തരുമോ എന്ന് വേണ്ട സെക്സ് ചെയ്യാമോ എന്ന് പോലും ചോദിക്കുന്ന ആളുകളെ കണ്ടിട്ട് എനിക്ക് അത്ഭുതമായി. ‘ആർ യു എ ബസ്റ്റാർഡ്?’ എന്നാണു ഒരാൾ എന്നോട് ചോദിച്ചത്. ഇത്തരം മെസ്സേജുകൾക്കിടയിൽ വസ്തുതാപരമായ മെസ്സേജുകൾ മുങ്ങി പോകുമോ എന്ന ആശങ്കയാണ് എനിക്ക്.

നല്ലൊരു കുടുംബ ജീവിതം നയിക്കുകയാണെങ്കിൽ അമ്മക്ക് ഈ മാതൃത്വം അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലേ?

ങ്ങനൊരു ബുദ്ധിമുട്ട് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നെനിക്കു ഇനിയും മനസ്സിലായിട്ടില്ല, ഒരു പക്ഷെ ഞാൻ ഇറ്റലിക്കാരിയായി വളർന്നത് കൊണ്ട് എന്റെ ചിന്താഗതി ഇന്ത്യൻ സംസ്കാരവുമായി ചേർന്ന് പോകുന്നുണ്ടാകില്ല. കാരണം വിഭിന്നമായ ഒരു സംസ്കാരം കണ്ടാണ് ഞാൻ വളർന്നിട്ടുള്ളത്. ഇവിടെ അവിവാഹിതരായ അമ്മമാർ ഒരു തെറ്റായി സമൂഹം കാണുന്നില്ല. രണ്ടു പേർ പരസ്പരം ഇഷ്ടത്തിലായാൽ അവർക്കു ഒരുമിച്ചു ജീവിക്കാനുള്ള സാഹചര്യം സമൂഹം ചെയ്തു കൊടുക്കണം. പണത്തിന്റെയോ ജാതിയുടെയോ പേരിൽ അവരെ വേർ തിരിക്കരുത്. അനാഥരായ കുഞ്ഞുങ്ങൾ പിറക്കാനുള്ള അവസരം നമ്മുടെ സമൂഹം ഉണ്ടാക്കരുത്.

കേരളത്തിലേക്ക് ഇനിയും വരുന്നുണ്ടോ?

തീർച്ചയായും വരണം. കാരണം എന്റെ വേരുകൾ അവിടെയാണ് . അമ്മയെ കണ്ടെത്തിയാൽ ഉടൻ വരും. അല്ലെങ്കിലും വരും. പക്ഷെ ഉടനെയില്ല.

(ഈ വാർത്ത അമ്മ കാണുകയാണെങ്കിൽ തന്നെ ഉപേക്ഷിച്ച അനാഥാലയത്തിൽ എത്തി വിവരം പറയണമെന്നാണ് നവ്യയുടെ അപേക്ഷ)

Leave a Reply

Your email address will not be published. Required fields are marked *