Fri. Nov 22nd, 2024
ബെംഗളൂരു:

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പകർത്തിയ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. ഭൂമിയുടെ സുന്ദരമായ ചിത്രങ്ങൾ എന്ന തലക്കെട്ടോട് കൂടി ഐ.എസ്.ആർ.ഒ.തന്നെയാണ് ചിത്രങ്ങൾ തന്റെ ഔദ്യോഗിക ട്വിറ്റർ പേജ് വഴി പുറത്തു വിട്ടിരിക്കുന്നത്. ചന്ദ്രയാൻ 2 വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തപ്പെട്ടിരിക്കുന്നത്.

ആദ്യമായ് ചന്ദ്രന്റെ ദക്ഷണ ധ്രുവത്തിലേക്ക് ഇറങ്ങുന്ന ബഹിരാകാശ പേടകമാകാനുള്ള ചരിത്രനേട്ടം സ്വന്തമാക്കാനാണ് ചന്ദ്രയാൻ 2 മുന്നേറിക്കൊണ്ടിരിക്കുന്നത്. ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്റർ, ലാൻഡർ, റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം. ഇതിൽ, വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാൻഡിംഗ് മൊഡ്യൂളിന് പേര് നൽകിയിരിക്കുന്നത് .

നേരത്തെ, ചന്ദ്രയാൻ 2 എടുത്ത ചിത്രങ്ങളാണ് എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി വളരെയധികം ഭൂമിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇവയിലൊന്നും പോലും യഥാർഥമായിരുന്നില്ല. ചിലതു വരച്ചുണ്ടാക്കിയ പോസ്റ്ററുകളും, ചിലത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുൻപു പുറത്തുവിട്ടവയുമൊക്കെയാണ്. അതിനൊക്കെ മറുപടി കൊടുക്കുക കൂടിയാണ് ഇപ്പോൾ ഐ.എസ്.ആർ.ഒ. ചെയ്തിരിക്കുന്നത്.

നിലവിൽ, ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥത്തിലാണുള്ളത്. ഘട്ടംഘട്ടമായി ഭ്രമണപഥം ഉയർത്തുന്നതിലൂടെ വൈകാതെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു മാറും. സെപ്റ്റംബർ ഏഴിനായിരിക്കും ചന്ദ്രനിലേക്കിറങ്ങുക.

ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2 പേടകവുമായി ജി.എസ്.എൽ.വി.യുടെ മാർക്ക് 3/എം1 എന്ന റോക്കറ്റ് ബാകിരാകാശത്തേക്ക് കുതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *