Mon. Dec 23rd, 2024
ടെഹ്‌റാന്‍ :

മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തു ഇറാന്‍. ഇതോടുകൂടി പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സംഘര്‍ഷത്തിന് മൂര്‍ച്ച കൂടിയിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ‘എണ്ണ കള്ളക്കടത്ത്’ നടത്തിയ മറ്റൊരു വിദേശ കപ്പല്‍ കൂടി പിടിച്ചെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

ബുധനാഴ്ച, ഏഴ് ജീവനക്കാരുള്ള വിദേശ കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ലോകത്തെ നിര്‍ണായക എണ്ണക്കടത്ത് പാതയായ ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷഭരിതമായ സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ പിടിച്ചെടുത്ത കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്ന് വെളിപ്പെടുത്താന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല. സൈന്യം കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഇറാന്റെ തെക്കന്‍ തീരമായ ബുഷഹറിലേക്ക് കൊണ്ടുപോയതായാണ് വിവരം.

ചില അറബ് രാജ്യങ്ങള്‍ക്കായി ഇന്ധനം കള്ളക്കടത്ത് നടത്തുന്ന ഒരു വിദേശ ഇന്ധന കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തു എന്നും കപ്പലില്‍ 700000 ലിറ്റര്‍ ഇന്ധനമുള്ളതായും വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാര്‍ ഉള്ളതായുമാണ് ഇറാനിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സമുദ്രപാത ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ നേരത്തെ പിടികൂടിയ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇപ്പോഴും ഇറാന്റെ കയ്യിലാണ്. ഇതിനിടയിൽ, മറ്റൊരു കപ്പലും ഇറാന്‍ പിടികൂടിയിരുന്നു.

സിറിയയിലേക്ക് എണ്ണ കടത്താൻ ശ്രമിച്ചു എന്നാരോപിച്ച് ഇറാന്റെ കപ്പല്‍ ബ്രിട്ടണും പിടികൂടിയിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ തകര്‍ക്കുന്ന സംഭവവുമുണ്ടായി. നിലവിൽ, ഇറാനെതിരെ രാജ്യാന്തര തലത്തില്‍ അമേരിക്കയുടെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് ഇറാന്‍ മൂന്നാമത്തെ കപ്പലും പിടികൂടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *