ന്യൂഡൽഹി :
2018ലെ ആഗോള ജി.ഡി.പി. റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ ആറാമതായിരുന്നു. യഥാക്രമം അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവരാണ് പട്ടികയിൽ ആദ്യ ആറ് സ്ഥാനക്കാർ. 2018ല്‍ ഇന്ത്യയുടെ ജി.ഡി.പി. 2.73 ട്രില്യണ്‍ ഡോളറാണ്.
അഭൂതപൂർവ്വമായ വളർച്ച മുരടിപ്പാണ് ഇന്ത്യൻ വ്യവസായങ്ങൾ അഭിമുഖീഖരിക്കുന്നത്. ‘ഐ.എച്ച്.എസ്. മാർക്കിറ്റ്’ എന്ന കമ്പനിയുടെ സർവേപ്രകാരം സ്വകാര്യമേഖലയിലെ 15 ശതമാനം കമ്പനികൾ മാത്രമാണ് ജൂണിൽ ഉത്പാദന വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള 18.94 ലക്ഷം കമ്പനികളിൽ 6.8 ലക്ഷം എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം പൂട്ടിപ്പോയത്തിൽ നിന്നും വ്യവസായ രംഗത്തെ പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നു.
സ്വയം പൂട്ടി പോയത് കൂടാതെ 3 .4 ലക്ഷം കമ്പനികളെ “ഷെൽ കമ്പനികളായി” കണക്കാക്കി സർക്കാർ അവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തു. രണ്ടു വർഷം തുടർച്ചയായി വാർഷിക റിപ്പോർട്ട് സമർപ്പിക്കാതെ കമ്പനികളെയാണ് ഷെൽ കമ്പനികളുടെ ഗണത്തിൽ പെടുത്തുന്നത്.
ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പണലഭ്യതക്കുറവ്, ബഡ്‌ജറ്റിലെ നികുതി നിർദേശങ്ങൾ, ഉയർന്ന ഇൻഷ്വറൻസ് ചെലവ് എന്നിവയാണ് വിപണിയിൽ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയായ മാരുതി സുസുക്കിയുടെ വില്‌പന ജൂലായിൽ 36.3 ശതമാനം കുറഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 16 ശതമാനവും ഹോണ്ട കാർസ് ഇന്ത്യ 48.67 ശതമാനവും ടൊയോട്ട 24 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി. ടൂവീലർ ശ്രേണിയിൽ ബജാജ് ഓട്ടോ 13 ശതമാനവും ടി.വി.എസ് 15.72 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.
ഇതോടെ സമ്മർദ്ദത്തിലായ വാഹന നിർമ്മാതാക്കൾ സർക്കാരിനെതിരെ തിരിയുന്ന അവസ്ഥയാണ്. രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗത്തിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും മകനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബജാജും. ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിവേകരഹിത നടപടികള്‍ മൂലമാണെന്നും യോഗത്തില്‍ ഇരുവരും ആരോപിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് ഇന്ത്യൻ വ്യവസായ മേഖലയിലെ പ്രതിസന്ധിക്കു കാരണം?
വിജയ് മല്ല്യ, നീരവ് മോഡി തുടങ്ങിയ വ്യവസായ പ്രമുഖർ വൻ തുകകൾ ലോണുകൾ എടുത്ത് വിദേശ രാജ്യങ്ങളിലേക്ക് മുങ്ങിയതോടെ റിസർവ് ബാങ്ക് നടപടികൾ കടുപ്പിക്കുകയും ബാങ്കുകൾ കിട്ടാക്കടം തിരിച്ചുപിടിക്കാൻ കമ്പനികളുടെ പിന്നാലെ കൂടുകയും ചെയ്തതോടെ കമ്പനികളുടെ പദ്ധതികളെല്ലാം അവതാളത്തിലായി. വായ്പയെടുത്ത് വൈവിധ്യവൽക്കരണത്തിന് വകമാറ്റി ചെലവഴിച്ച കമ്പനികൾക്ക് പിടിച്ചു നിൽക്കാൻ പറ്റാതായി. ജെറ്റ് എയർവേയ്‌സ്, ഐ.എൽ. ആൻഡ് എഫ്.എസ്., ഡി.എച്ച്.എഫ്.എൽ., അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾ, വീഡിയോകോൺ, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ മുൻ നിര കമ്പനികൾ പൂട്ടുകയോ പൂട്ടുന്നതിന്റെ വക്കിലോ എത്തി നിൽക്കുന്നു.
രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ ആദായ നികുതി വകുപ്പിന്റെ പരിശോധനകളും ശക്തമാക്കിയതോടെ കാപ്പിവ്യവസായത്തിൽ 130 വർഷംനീണ്ട പാരമ്പര്യമുള്ള കഫെ കോഫി ഡേ യുടെ ഉടമസ്ഥന് പോലും ആത്മാഹുതി ചെയ്യേണ്ടി വന്നു. വ്യക്തമായ കാഴ്ചപ്പാടോ വിലയിരുത്തലോ കൂടാതെ നടപ്പാക്കിയ ജി.എസ്.ടി. സമ്പ്രദായം ചെറുകിട വ്യവസായികളുടെ നടുവൊടിച്ചു. ജി.എസ്.ടി നികുതി വരുമാനം കൂട്ടുമെന്നൊക്കെ പറഞ്ഞെങ്കിലും, നികുതി വരുമാനത്തിൽ 1.4 ലക്ഷം കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ 10 കോടിയോളം വരുന്ന മധ്യവർഗ ഉപഭോക്താക്കളാണ് വിപണിയെ പ്രധാനമായും ചലിപ്പിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ മധ്യവർഗക്കാർ അടുത്തകാലത്തായി അൽപം സൂക്ഷിച്ചതാണ് പണം ചെലവാക്കുന്നത്. ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക’ ആഹ്വാനമൊന്നും വ്യാവസായ മേഖലയില്‍ ഒരു വന്‍ മുന്നേറ്റത്തിന് കളമൊരുക്കിയിട്ടില്ല.
ഈയവസരത്തിൽ കേന്ദ്ര സർക്കാർ വിവിധ വ്യവസായ മേഖലകൾക്കായി പ്രത്യേകം ഉത്തേജക പദ്ധതികൾ കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യൻ വ്യവസായ രംഗത്തിന് ഇപ്പോൾ ഉള്ള പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളു.