തിരുവനന്തപുരം:
യുവ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. താനല്ല തനിക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം ആദ്യം പോലീസിനോട് പറഞ്ഞത്.
എന്നാൽ അപകടത്തിനു ശേഷം കാറിൽനിന്ന് ആദ്യം സ്ത്രീയാണ് പുറത്തുവന്നതെന്നും ഇവർ ഡ്രൈവർ സീറ്റിലായിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ശ്രീറാമാണ് കാർ ഓടിച്ചിരുന്നും കാർ അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവർ ഷഫീഖ് പൊലീസിന് മൊഴി നൽകി. വഫയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. ഇതിനുപിന്നാലെയാണ് വാഹനമോടിച്ചത് ശ്രീറാമാണെന്ന മൊഴി വനിത സുഹൃത്ത് നല്‍കുന്നത്.
ശ്രീറാമാണ് വാഹനം ഓടിച്ചതെന്ന് പൊലീസുദ്യോഗസ്ഥരും ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ സ്ഥിരീകരണം. ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡി.സി.പി നേരിട്ട് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലായിരുന്നു അപകടം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. വെള്ളയമ്പലത്ത് നിന്ന് പാളയം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അതേ സമയം ഈ സംഭവത്തിൽ പോലീസും പ്രതിക്കൂട്ടിൽ ആകുകയാണ്. അപകടത്തിന് ശേഷം പൊലീസ് എടുക്കേണ്ട നടപടികളിൽ വീഴ്ച്ച വരുത്തി എന്നാണു പൊലീസിന് നേരെ ഉയരുന്ന ആരോപണം. അപകടമുണ്ടായപ്പോൾ വഫയെ യൂബറിൽ കയറ്റി വീട്ടിലേക്ക് വിടുകയായിരുന്നു പൊലീസ്. പോലീസിന്റെ ഈ നടപടിയിൽ പ്രതിഷേധം ശക്തമായതോടെ രാവിലെയാണ് വഫയെ പിന്നീട് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തു.
അപകടം നടന്ന് പത്ത് മണിക്കൂര്‍ പിന്നീട്ടെങ്കിലും ഇതുവരെ ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ പൊലീസ് ശേഖരിച്ചിട്ടില്ല. ശ്രീറാം പരിശോധനയ്ക്കായി ഇരുന്നപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർക്കു തോന്നി അദ്ദേഹത്തെ കൊണ്ടു വന്ന പൊലീസുദ്യോഗസ്ഥരോട് പറയുകയും ചെയ്തു. എന്നാൽ രക്തസാംപിളുകൾ ശേഖരിക്കാൻ പൊലീസ് ആവശ്യപ്പെട്ടില്ല. സമയം വൈകും തോറും രക്തത്തിലെ മദ്യത്തിന്‍റെ അളവ് കുറയും എന്നാണ് വിദഗ്ദ്ദര്‍ പറയുന്നത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയ ശ്രീറാമിനെ ദേഹപരിശോധനയ്ക്ക് ശേഷം ഓണ്‍ലൈന്‍ ടാക്സില്‍ പൊലീസ് പറഞ്ഞുവിട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്നും നേരെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി അദ്ദേഹം അഡ്മിറ്റായി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്ക പരിക്കുകളൊന്നും ശ്രീറാമിനോ സുഹൃത്തിനോ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. കൂടാതെ മദ്യ ലഹരിയിൽ അദ്ദേഹത്തിൻറെ കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ലെന്നും, മദ്യത്തിന്റെ മണം ഉണ്ടായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുൻ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമൻ.