#ദിനസരികള്‍ 837
‘അഞ്ഞൂറു വര്‍ഷത്തെ കേരളം – ചില അറിവടയാളങ്ങള്‍’ എന്ന പുസ്തകത്തില്‍ ഡോ.ഉഷാ നമ്പൂതിരിപ്പാട് എഴുതിയ ‘മലയാളത്തിലെ മലയാളങ്ങള്‍’ എന്ന ലേഖനത്തില്‍ ഭാഷാഭേദങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. തെക്ക് മുതല്‍ വടക്കുവരെ പൊതുവേ ഒരു ഭാഷയാണ് കേരളത്തിലെന്ന് നാം പറയുമെങ്കിലും ആറുനാട്ടില്‍ നൂറു ഭാഷ എന്ന കണക്കിനാണ് കാര്യങ്ങളെന്നാണ് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഭാഷാഭേദങ്ങളുണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ആദ്യം പരിശോധിക്കുക :- “ഭാഷാശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഭാഷണവൈജാത്യങ്ങളുടെ അടിസ്ഥാനം ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വ്യത്യാസങ്ങളാണ്.ഇവയെ യഥാക്രമം തിരശ്ചീനമെന്നും ലംബമാനം എന്നീ സാങ്കേതിക പദങ്ങളുപയോഗിച്ച് ഭാഷാശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നു. ഓരോ പ്രദേശത്തേയും പ്രകൃതിയും കാലാവസ്ഥയും ബന്ധപ്പെട്ട ജീവിതരീതികളും ഭാഷാഭേദങ്ങളെ സൃഷ്ടിക്കുന്നു.” ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിലും സാമൂഹികതയിലും ജീവിച്ചു പോകുന്നവര്‍ക്ക് ഭാഷയില്‍ പ്രാദേശികമായി വകഭേദങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്.
ഇത്തരത്തിലുള്ള വകഭേദങ്ങളില്‍ ഏതാണ് സുന്ദരമായിട്ടുള്ളത് എന്ന അന്വേഷണം പൊതുവേ മലയാളികളില്‍ കണ്ടു വരുന്ന ഒരു കൗതുകമാണ്. അതാതു പ്രദേശവുമായി ഇടപെട്ടു ജീവിച്ചു വരുന്നവര്‍ തങ്ങളുടെ ‘മാതൃഭാഷ’യെ ഏറ്റവും മനോഹരമായ ഒന്നായി കണക്കാക്കി വാദിക്കാനൊരുമ്പെടും. അങ്ങനെയാകുമ്പോള്‍ തെക്ക് പാറശാല മുതല്‍ വടക്ക് കാസര്‍കോടുവരെയുള്ള ആയിരക്കണക്കിന് പ്രദേശങ്ങളിലെ വകഭേദങ്ങള്‍ക്കു വേണ്ടി വാദിക്കാനും ആളുകളുണ്ടാകുമെന്ന കാര്യം സുനിശ്ചിതമാണ്. അവരൊക്കെയും നിരത്തുന്ന കാരണങ്ങള്‍ തന്നെ മറ്റൊന്നിനേയും സ്ഥാപിച്ചെടുക്കാന്‍ ഉപയോഗിക്കാവുന്നതുമാണ്. അതായത് ഏതൊരാളും തങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന വകഭേദത്തിന്റെ മേന്മയെക്കുറിച്ച് പറയാന്‍ ഉപയോഗിക്കുന്ന ഓരോ വിശേഷണങ്ങളും മറ്റോരോന്നിനും കൂടി സാധുവാകുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായ താല്പര്യത്തിനപ്പുറം മറ്റൊന്നും തന്നെ ഭാഷാഭേദങ്ങളുടെ മാറ്റു കൂട്ടുന്നതായി കരുതാന്‍ വയ്യ. നമ്മുടെ ചില കവികള്‍ക്ക് ഇത്തരത്തിലുള്ള പ്രാദേശികഭാഷകളെ പുകഴ്ത്തിപ്പാടുകയെന്നതൊരു ശീലമായിരുന്നു. ഒ.എന്‍.വി. എഴുതിയ മുക്കൂറ്റികള്‍ എന്ന കവിതയിലെ ശുദ്ധമാം വള്ളുവനാടന്‍ മലയാളം എന്ന പ്രയോഗത്തിലെ ശുദ്ധം എന്ന പദമുണ്ടാകുന്നത് വ്യക്തിപരമായ ധാരണകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. (ഈ വരികള്‍ ലേഖിക ഉദ്ധരിക്കുന്നുണ്ട് ) അതല്ലാതെ ഇത് ശുദ്ധം ഇത് അശുദ്ധം എന്ന രീതിയില്‍ മാറ്റി നിറുത്താന്‍ കഴിയുന്ന വിധത്തിലുള്ള പ്രത്യക്ഷമായ യാതൊരു അറിവടയാളങ്ങളും ഈ വിഭജനങ്ങളെ സാധൂകരിക്കുന്നില്ലതന്നെ !.
“ഏതു ഭാഷാഭേദ പഠനവും തുടങ്ങുന്നത് സ്വനപരമായ (Phonological ) വ്യത്യാസങ്ങളുടെ അവലോകനത്തില്‍ നിന്നാണ്. ഇതിനു ശേഷം മാത്രമാണ് വ്യാകരണത്തിലും (Grammar ) പദകാണ്ഡത്തിലും (Lexicon ) വാക്യതലത്തിലുമുള്ള (Syntax) സവിശേഷതകളെക്കുറിച്ച് പഠിക്കുന്നത്. ഇപ്പറഞ്ഞ സ്വനിമം , വ്യാകരണം , വാക്യങ്ങള്‍ , അര്‍ത്ഥം എന്നീ തലങ്ങളില്‍ വരുന്ന വ്യത്യാസങ്ങള്‍ സ്ഥൂലമായതുകൊണ്ട് അവ രേഖപ്പെടുത്താനും വായിച്ചു മനസ്സിലാക്കാനും വിഷമമില്ല. എന്നാല്‍ സംഭാഷണത്തിലെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളെ അഥവാ സ്ഥായികളെ (Pitch ) അങ്ങനെ രേഖപ്പെടുത്തി വെയ്ക്കാന്‍ കഴിയാത്ത ഒന്നാണ്.അവ കേട്ടും കേള്‍പ്പിച്ചും കൈമാറി വരുന്നവയാണ്. എന്താ വില എന്ന അത്ഭുതവും എന്താ വില എന്ന ചോദ്യവും എന്താ വില എന്ന പ്രയോഗത്തിലിരിക്കുന്നുവെന്നത് രസംതന്നെയല്ലേ? സത്യത്തില്‍ ഭാഷാഭേദങ്ങളെ മനോഹരമാക്കി നിറുത്തുന്നതിന് സ്ഥായികള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്.
സജീവമായ ഭാഷകള്‍ അതാതുകാലത്തിനു ചേരുന്ന തരത്തിലുള്ള പദങ്ങളെ ആവശ്യാനുസാരം കൂടെക്കൂട്ടാറുണ്ട്. ഇങ്ങനെ കൂട്ടിയും കൂട്ടിയും നവീകരിച്ചു പോകുകയെന്നത് ഭാഷകളുടെ പൊതുസ്വഭാവമാണ്. ഓരോ കാലത്തിലും സ്ഥലത്തിലും സംസ്കാരത്തിലും അങ്ങനെ സ്വരുക്കൂട്ടിയ പദങ്ങളും പ്രയോഗങ്ങളും രീതികളും ഈണങ്ങളുമാണ് പ്രാദേശിക ഭാഷകളെ സൃഷ്ടിച്ചെടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒന്നിനു മുകളില്‍ മറ്റൊന്നിന് സൌന്ദര്യപരമായോ ശുദ്ധിപരമായോ മറ്റെന്തെങ്കിലും കാരണങ്ങളാണാലോ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുവാന്‍ സാധ്യമല്ല. അങ്ങനെയൊരു ഭാഷാ മേലാളത്തത്തിന്റെ ആവശ്യവുമില്ലെന്നതാണ് വസ്തുത.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.