തിരുവനന്തപുരം:
മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. കാറോടിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിച്ചത് ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി.
ശ്രീറാമിനെ രക്ഷപ്പെടുത്താൻ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു .
സംസ്ഥാന പൊലീസ് മേധാവിയും സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തി പത്തു മാസത്തിനകം റിപ്പോർട്ട് നൽകണം. കേസിൽ ഗുരുതര വീഴ്ച വരുത്തിയിരിക്കുന്നത് മ്യൂസിയം പൊലീസാണ്. വെങ്കട്ടരാമനൊപ്പം ഉണ്ടായിരുന്ന സ്ത്രീ കൂടി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ഉണ്ടെന്നും, മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നുണ്ട് .
ഉന്നത ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള ശ്രമം മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുവെന്നും ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ കമ്മീഷന് കൈമാറിയ പരാതിയിൽ പറയുന്നു.