ഉത്തര്‍ പ്രദേശ്:
ഉന്നാവോ പെണ്‍കുട്ടിയുടെ അനിയത്തിയെയും ബി.ജെ.പി. എം.എല്‍.എയുടെ സഹായികള്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. വനിത അവകാശ സമിതി അംഗങ്ങളോട് പെണ്‍കുട്ടിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്.
ജയിലില്‍ കഴിയുന്ന എം.എല്‍.എ.യുടെ അനുയായികള്‍ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുജത്തിമാരിലൊരാളെ സംഘം പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍. സംഭവത്തില്‍ പരാതി നല്‍കിയോ എന്നു വ്യക്തമല്ല.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നാവോയിലെ പെണ്‍കുട്ടിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം കൈമാറി. 25 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ നേരിട്ടെത്തി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കൈമാറി. അടിയന്തിര സഹായമായി 25 ലക്ഷം രൂപയും കേന്ദ്രസേനയുടെ സുരക്ഷയും പെണ്‍കുട്ടിക്ക് ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ച് ദിവസം പിന്നിട്ടിട്ടും പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അഭിഭാഷകന്‍ മഹന്ദ്ര സിങിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉള്ളതായും കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജ് വക്താവ് സന്ദീപ് തിവാരി വ്യക്തമാക്കി.
അതേസമയം പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ചിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. അപകട സമയത്ത് ഇവര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. വാഹനത്തില്‍ സ്ഥലമില്ലാത്തതിനാല്‍ കൂടെ വരേണ്ടതില്ലെന്ന് പെണ്‍കുട്ടി തന്നെ പറഞ്ഞുവെന്നാണ് പോലീസ് ഭാഷ്യം.