ഡല്‍ഹി:
ലോക് സഭയില്‍ പോക്‌സോ ഭേദഗതി ചര്‍ച്ചയില്‍ ‘ഉന്നാവോ’ സംഭവം ഉന്നയിച്ച ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനിയെയും ബി.ജെ.പി. അംഗങ്ങളും.
ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും നേരിട്ട ദുരന്തത്തെക്കുറിച്ചാണ് രമ്യ സഭയില്‍ ഉന്നയിച്ചത്. ബി.ജെ.പി. എംഎല്‍എ ലൈംഗിക പീഡനക്കേസില്‍ പ്രതിയായി നില്‍ക്കുന്ന സമയത്തുതന്നെ, പോക്‌സോ നിയമഭേദഗതി ചര്‍ച്ചയ്ക്കുവരുന്നത് വൈരുധ്യമാണെന്ന് രമ്യ കുറ്റപ്പെടുത്തി.
ഇരയെയും അവര്‍ക്കു നിയമസഹായം ചെയ്യുന്നവരെയും ഉന്മൂലനം ചെയ്യാന്‍ ബി.ജെ.പി. ശ്രമിക്കുകയാണ്. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ നീതി ലഭിക്കണം. അവരെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പറ്റിയ സാഹചര്യം ഒരുക്കണമെന്നും രമ്യ ആവശ്യപ്പെട്ടു. രമ്യയുടെ പ്രസംഗത്തെ പ്രതിപക്ഷാംഗങ്ങള്‍ കൈയടിച്ചു പിന്തുണച്ചു.
എന്നാല്‍, പരാമര്‍ശത്തില്‍ ബി.ജെ.പി. അംഗം കിരണ്‍ ഖേര്‍ പ്രതിഷേധിച്ചു. ബില്ലില്‍ രാഷ്ട്രീയം കലര്‍ത്തിയതു ശരിയായില്ല. രമ്യ മലയാളത്തില്‍ പ്രസംഗിച്ചത് മനഃപൂര്‍വമാണെന്നും കിരണ്‍ ഖേര്‍ പറഞ്ഞു. കിരണിനെ പിന്തുണച്ച് മറ്റ് ബി.ജെ.പി. അംഗങ്ങളും രംഗത്തുവന്നു. ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി സ്മൃതി ഇറാനിയും രമ്യയുടെ പരാമര്‍ശത്തെ എതിര്‍ത്തു. അംഗം ബി.ജെ.പി.യെ ചര്‍ച്ചയിലേക്കു വലിച്ചിഴച്ചതു ശരിയായില്ല. മാത്രമല്ല, രമ്യയ്ക്കു ചുറ്റുമിരുന്ന അംഗങ്ങള്‍ മേശയിലടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഹീനമായ കുറ്റകൃത്യം ചെയ്താല്‍ ബിജെപി നേതാക്കളെ ഈ ബില്‍ ഒഴിവാക്കില്ലെന്നും സ്മൃതി പറഞ്ഞു. മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് ബഹളമടങ്ങി.