ദില്ലി:
രണ്ടു മാസമായി കരയ്ക്കടുപ്പിക്കാൻ കഴിയാതെ അലഞ്ഞു തിരിയുകയാണ്, കോൺഗ്രസ് അധ്യക്ഷ പദവി. രാഹുൽ ഗാന്ധി രാജി വെച്ചതിൽ പിന്നെ, ആ കസേരയിൽ ഇരിക്കേണ്ടത് പ്രിയങ്കയാണന്ന്, മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടെങ്കിലും, പ്രിയങ്കയും ഇപ്പോൾ പിന്മാറിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വച്ചായിരുന്നു, പ്രിയങ്ക സ്വന്തം നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനനങ്ങളുടെ ചുമതലയുള്ള നേതാക്കളും ചേർന്ന യോഗമാണ് വ്യാഴാഴ്ച നടന്നത്. രാജീവ് ഗാന്ധിയുടെ ജന്മദിന വാര്‍ഷികം ആഘോഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും ചർച്ച വിളിച്ചു ചേർത്തത്. എന്നാല്‍, പ്രധാനമായും ചര്‍ച്ചയായത് ദേശീയ അധ്യക്ഷ പദവിയായിരുന്നു. പ്രിയങ്ക ഗാന്ധി, നിലപാട് കടുപ്പിച്ചതോടെ നേതാക്കള്‍ വിഷയം മാറ്റുകയായിരുന്നു.
ഗാന്ധി കുടുംബം മുന്നോട്ടു വന്നില്ലെങ്കിൽ കോൺഗ്രസ് പിളരുമെന്നാണ് നേതാക്കൾ പറയുന്നത്. ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ആര്‍പിഎന്‍ സിങ് ആണ്, യോഗത്തില്‍ ആദ്യം പ്രിയങ്കാ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. പിന്നീട്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, തിരുവനന്തപുരം എം.പി. ശശി തരൂര്‍ എന്നിവരും അതെ അഭിപ്രായം മുന്നോട്ടു വയ്ക്കുകയായിരുന്നു.
പ്രശ്നത്തിൽ, വിശദമായ ചര്‍ച്ച നടത്താന്‍ കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകീട്ട് നേതാക്കള്‍ യോഗം ചേരും. ഉടനെ തന്നെ, ഒരിടക്കാല അധ്യക്ഷൻ ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.