Thu. Jan 23rd, 2025

ഭോപ്പാൽ:

ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം, കൊണ്ടുവന്നത് സ്വന്തം മതസ്ഥനല്ലാത്തതിനാൽ ഓര്‍ഡര്‍ റദ്ദാക്കിയ ആൾക്ക്, മധ്യപ്രദേശ് പൊലീസ് നോട്ടീസ് നൽകി. അമിത് ശുക്ല എന്നയാൾക്കാണ് പൊലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിൽ പ്രതികരിക്കില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്നറിയിച്ചു കൊണ്ടാണ് ജബല്‍പൂര്‍ പൊലീസ് അമിത് ശുക്ലയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

പരാതി ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ നടപടിയെടുക്കുകയാണ് ചെയ്തതെന്ന്, എസ്.പി. അമിത് സിങ് അറിയിച്ചു. ഇനി, അമിത് ശുക്ല സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന വിധത്തില്‍ ട്വീറ്റ് ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പും പോലീസ് നല്കിയിട്ടുള്ളതായി, എസ്.പി വ്യക്തമാക്കി. അദ്ദേഹം ഇനി മുതൽ പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും എസ്.പി.കൂട്ടിച്ചേർത്തു. ഭരണഘടന വ്യവസ്ഥ പ്രകാരം, ഒരു തരത്തിലുള്ള തൊട്ടുകൂടായ്മയും പാടില്ലെന്നാണ്, അമിത് ശുക്ല ഇത് ലംഘിക്കുകയായിരുന്നുവെന്നും എസ്.പി. പ്രതികരിച്ചു.

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം, ശേഷം റദ്ദാക്കാനുണ്ടായ കാരണം ട്വീറ്ററിൽ വിശദീകരിച്ചതാണ് പ്രശ്നമുണ്ടാക്കിയത്- “ഞാന്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വന്നത് ഒരു അഹിന്ദുവാണ്. ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. റീഫണ്ട് ചെയ്യാന്‍ നിര്‍വാഹമില്ലെന്നും സൊമാറ്റോ അറിയിച്ചു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്ന നിര്‍ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. എനിക്ക് ഈ ഭക്ഷണം വേണ്ട. ഓര്‍ഡര്‍ റദ്ദാക്കുകയാണ്” – ഇതായിരുന്നു ശുക്ലയുടെ ട്വീറ്റ്.

എന്നാൽ, ‘ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണ്’ എന്ന് സൊമാറ്റോ പ്രതികരിച്ചിരുന്നു.

പക്ഷെ, നിലവിൽ, ട്വിറ്റർ വഴി ‘ബോയ് കോട്ട് ‘ എന്ന മുദ്രാവാക്യം പ്രചരിപ്പിച്ചു സൊമാറ്റോയ്ക്കും അവരെ ഈ പ്രശ്നത്തിൽ പിന്തുണച്ചെത്തിയ യൂബർ ഈറ്റ്സിനും എതിരെ ബഹിഷ്കരണ ആഹ്വാനം പ്രചരിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *