Mon. Dec 23rd, 2024
കൊച്ചി :

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് ഡയറി പോലും പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദം മാത്രം പരിഗണിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതു ശരിയല്ലെന്നാരോപിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചത്.

അന്വേഷണം കാര്യക്ഷമല്ലെന്ന കാണത്താല്‍ ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജസ്റ്റിസ് ബി കെമാല്‍പാഷയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ സമര്‍പ്പിച്ചത്.

വിചാരണ ഘട്ടത്തില്‍ മാത്രമെ കേസില്‍ സിബിഐ അന്വേഷണം വേണമോ, അന്വേഷണത്തില്‍ അപാകതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്. എന്നാല്‍, പ്രാഥമിക ഘട്ടത്തില്‍ തന്നെ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കാനുള്ള പ്രധാന കാര

പ്രതികള്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം കാണിച്ച് രാഷ്ട്രീയ വൈരമാണെന്ന് ആരോപിക്കുന്നതില്‍ കാര്യമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ലോക്കല്‍ പൊലീസില്‍നിന്ന് മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറാവുവെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

അപ്പീലില്‍ സര്‍ക്കാരിനായി ഹാജരാകുന്നതിന് 50 ലക്ഷത്തില്‍ അധികം രൂപ ചെലവഴിച്ചു ഡല്‍ഹിയില്‍നിന്നു സുപ്രീംകോടതി അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചത് വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേകനിര്‍ദേശപ്രകാരമാണ് ഈ അഭിഭാഷകന്റെ ഭീമമായ ഫീസ് വേഗം നല്‍കുന്നതിന് നടപടി സ്വീകരിച്ചത്.

2018 ഫെബ്രുവരി 12നാണ് രാത്രി കണ്ണൂര്‍ തെരൂരില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഷുഹൈബിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമായിരുന്നു ആക്രമണം. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു രക്തം വാര്‍ന്ന് ഷുഹൈബ് മരിച്ചു. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ സി.പി.എം. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *