ക്രിസ്റ്റ്യാനോ റൊണാൾഡോ ചാടുന്നത്ര ഉയരത്തിൽ ചാടി , ഹെഡ് ചെയ്താൽ, നിങ്ങൾക്കു കിട്ടും, ആയിരം പൗണ്ട്!
ലണ്ടനിലെ തെരുവുകളിൽ , എഫ്2 ഫ്രീസ്റ്റൈലേഴ്സ് എന്ന കൂട്ടായ്മയാണ് ഇത്തരത്തിൽ ഒരു ചാലഞ്ച് ഒരുക്കിയിക്കുന്നത്. പോർച്ചൂഗീസ് താരം റൊണാൾഡോയുടെ പ്രശസ്തമായ രണ്ട് ഹെഡർ ഗോളുകളിൽ നിന്നുണ്ടായ പ്രചോദനമാണ് ഈ ചാലഞ്ചിന് കാരണമായത്.
2016 യൂറോകപ്പ് സെമിഫൈനലിൽ വെയ്ൽസിനെതിരെ പോർച്ചുഗലിനു വേണ്ടി റൊണാൾഡോ നേടിയ ഗോളാണ് ഒന്നാമത്തേത്. രണ്ടാമത്തേതാവട്ടെ, 2013ൽ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അദ്ദേഹം റയൽ മഡ്രിഡിനു വേണ്ടി നേടിയ ഗോളാണ്.
2.65 മീറ്റർ ഉയരത്തിലായിരുന്നു വെയ്ൽസിനെതിരായ മത്സരത്തിൽ, റൊണാൾഡോ ചാടി പന്ത് തല കൊണ്ടു തൊട്ടത്. ഈ ഉയരത്തിലാണ് ചലഞ്ചിൽ, ഒരു ഇരുമ്പു കാലിൽ പന്തു തൂക്കിയിട്ടിരിക്കുന്നത്.
തൊട്ടടുത്തു, റൊണാൾഡോയുടെ ഇപ്പോഴത്തെ ക്ലബ്ബായ യുവെന്റസിന്റെ ജഴ്സിയിൽ താരം ഹെഡ് ചെയ്യുന്ന ഒരു കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. വളരെയധികം ആരാധകരും സാഹസികരും റൊണാൾഡോ ചാലഞ്ചിൽ പങ്കെടുക്കുന്ന വിഡിയോ ഇപ്പോൾ യൂ ട്യൂബിലും വൈറലായിരിക്കുകയാണ്.
ചാലഞ്ചിൽ രണ്ടു മീറ്ററോളം ഉയരമുള്ള ഒരു ഓസ്ട്രേലിയക്കാരൻ പന്തിൽ തല മുട്ടിക്കുകയും ചെയ്തു.