Wed. Dec 18th, 2024
#ദിനസരികള്‍ 835

സൊമാറ്റോയില്‍ നിന്നും ഭക്ഷണം എത്തിച്ചു തരുന്നത് ഫയാസ് എന്നു പേരുള്ള മുസ്ലീമാണെന്ന് അറിഞ്ഞപ്പോള്‍ ഡെലിവറി ബോയിയെ മാറ്റി ഹിന്ദുവായ ആരെയെങ്കിലും തനിക്ക് ഭക്ഷണം കൊണ്ടു തരാന്‍ ഏര്‍പ്പാടാക്കണമെന്നും അതിനു കഴിയില്ലെങ്കില്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട ജബല്‍പൂരിലെ അമിത് ശുക്ല എന്ന മതഭ്രാന്തന് സൊമാറ്റോ കൊടുത്ത മറുപടി ഇവിടെ ജീവിക്കാന്‍ പ്രതീക്ഷ നല്കുന്ന ചിലതെല്ലാം ഇനിയും അവശേഷിക്കുന്നുണ്ട് എന്ന പ്രഖ്യാപനം കൂടിയാണ്. തങ്ങളുടെ ബിസിനസ്സിനെക്കാളും മനുഷ്യനേയും അവന്റെ അന്തസ്സിനേയും ഉയര്‍ത്തിപ്പിടിക്കാനും മതേതരത്വം ഒരു മൂല്യമാണെന്ന് ഉറപ്പിച്ചു പറയാനും കമ്പനി കാണിച്ച ആര്‍ജ്ജവത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല.

അമിത് ശുക്ല നടത്തിയ ട്വീറ്റിലൂടെയാണ് സംഭവം ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നത്. “Just cancelled an order on @ZomatoIN they allocated a non hindu rider for my food they said they can’t change rider and can’t refund on cancellation I said you can’t force me to take a delivery I don’t want don’t refund just cancel” എന്നായിരുന്നു ആ മതവെറിയന്റെ ട്വീറ്റ്.

എങ്ങനെയാണ് മനുഷ്യര്‍ക്ക് ഇത്രയും തരംതാണ രീതിയില്‍ പെരുമാറാന്‍ കഴിയുക എന്ന് നമ്മെപ്പോലെയുള്ളവര്‍ ചോദിക്കുമ്പോള്‍ ഇങ്ങനെ പെരുമാറുന്നവരെ അഭിമാന സംരക്ഷകരായി കണ്ട് തോളിലേറ്റി നടക്കുന്നവരുമുണ്ടെന്നതാണ് വാസ്തവം. എന്നു മാത്രവുമല്ല അത്തരം അഭിമാനികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു. എന്നാല്‍ അമിത് ശുക്ലയുടെ ആവശ്യത്തെ സൊമാറ്റോ വളരെ ശക്തമായി നിരസിച്ചു കൊണ്ട് മറുപടി പറഞ്ഞത് ഇങ്ങനെയാണ് “Food doesn’t have a religion. It is a religion”.അത് ചരിത്രത്തെ ചെന്നു തൊടുന്ന മറുപടിയായിരുന്നു.

ഡെലിവറി ബോയിയെ മാറ്റി ഇന്ത്യയില്‍ ഇന്ന് നിലവിലിരിക്കുന്ന സാഹചര്യത്തെ മുതലെടുത്തു കൊണ്ട് മതവര്‍ഗ്ഗീയ വാദികളുടെ കൈയ്യടികള്‍ വാങ്ങിയെടുക്കാന്‍ സൊമാറ്റോക്ക് കഴിയുമായിരുന്നു. എന്നു മാത്രവുമല്ല ഹിന്ദുത്വ തീവ്രവാദികള്‍ ഭരിക്കുന്ന ഒരു രാജ്യത്ത് അവരുടെ ബിസിനസുകള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതിരിക്കാനും ചിലപ്പോള്‍ ആ തീരുമാനം സഹായകമായേനെ.

എന്നാല്‍ തന്റെ കമ്പനിയുടെ നിലപാടിനെ ഒന്നു കൂടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ദീപീന്ദര്‍ ഗോയല്‍ ഇങ്ങനെ ട്വീറ്റു ചെയ്തു We are proud of the idea of India – and the diversity of our esteemed customers and partners. We aren’t sorry to lose any business that comes in the way of our values.” തങ്ങള്‍‌ക്കെതിരെ ഹിന്ദുത്വവാദികളുടെ സംഘടിതമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടുകൂടി താൽക്കാലികമായ അത്തരം ലാഭത്തിനു പിന്നാലെ പോയി മനുഷ്യവിരുദ്ധതയുടെ പാളയത്തില്‍ ചെന്നു ചേരാന്‍ സൊമാറ്റോ ആഗ്രഹിച്ചില്ല എന്നതുതന്നെയാണ് അവരെ നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ മതനിരപേക്ഷവാദികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

ഒരിക്കല്‍കൂടി സൊമാറ്റോ എന്ന കമ്പനിയേയും അതിനു നേതൃത്വം നല്കുന്നവരേയും മനുഷ്യത്വത്തിന്റെ പേരില്‍ അഭിനന്ദിക്കട്ടെ.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

  

Leave a Reply

Your email address will not be published. Required fields are marked *