ജിബ്രാള്‍ട്ടറില്‍ ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1ലെ 24 ഇന്ത്യക്കാരില്‍ നാല് പേര്‍ വിചാരണ നേരിടേണ്ടി വരും. യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ലംഘിച്ചതിനാണ് നിയമ നടപടി. ഇവരെ തിരിച്ചെത്തിക്കുന്നത് വൈകിയേക്കും. അതേസമയം ബാക്കി 20 ഇന്ത്യന്‍ ജീവനക്കാരേയും അധികം വൈകാതെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ റിക്രൂട്ട് ചെയ്ത മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനി ഇതിനായുള്ള ശ്രമങ്ങളിലാണ്.
ജൂലായ് നാലിനാണ് ജിബ്രാള്‍ട്ടര്‍ പൊലീസിന്റെ സഹായത്തോടെ ബ്രിട്ടീഷ് റോയല്‍ നേവി കപ്പല്‍ പിടിച്ചെടുത്തത്. ഇതിന് പ്രതികാരമായി ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാനും പിടിച്ചെടുത്തിരുന്നു. മേഖലയില്‍ ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായാണ് കപ്പല്‍ പിടിച്ചെടുക്കല്‍ നടപടികളുണ്ടായത്.