Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് 1% പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയതാണ് പ്രളയസെസ്. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. 2021 ജൂലൈ 31 വരെ 2 വര്‍ഷത്തേയ്ക്കാണ് ഉല്‍പന്ന വില്‍പനയ്‌ക്കൊപ്പം സെസ് പിരിക്കുക. പ്രളയസെസ് ഏര്‍പ്പെടുത്തുന്നതു വഴി 1200 കോടി രൂപ സ്വരൂപിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

12%, 18%, 28% ജി.എസ്.ടി.നിരക്കുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും സെസുണ്ട്. 3% ജിഎസ്ടിയുള്ള സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണു സെസ്. ആകെ 928 ഉല്‍പന്നങ്ങള്‍ക്കാണു വില കൂടുക.നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി തുടങ്ങിയവക്ക് സെസ് ബാധകമല്ല. ജിഎസ്ടിക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. കാര്‍, ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്റ, പെയിന്റ് എന്നിവയ്‌ക്കെല്ലാം ഒരു ശതമാനം വില കൂടും. ഗ്രാമീണ റോഡുകളുടെ നിര്‍മാണവും നവീകരണവുമാണ് സെസില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ട് ലക്ഷ്യമിടുന്നത്.

ജി.എസ്.ടി. ചേര്‍ക്കാത്ത മൂല്യത്തിലാണ് പ്രളയസെസ് ഈടാക്കുന്നത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണ ഘട്ടത്തില്‍ മാത്രമാണ് ഇത് ഈടാക്കുക.കേരളത്തില്‍ മാത്രം സെസ് കൂടി ഉള്‍പ്പെടുത്തിയുള്ള പ്രൈസ് സ്റ്റിക്കര്‍ പതിച്ച് ഇന്നു മുതല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം. 0%, 5% ജിഎസ്ടി നിരക്കുള്ള ഉല്‍പന്നങ്ങളെയും ഒന്നരക്കോടി വരെ വിറ്റുവരവുള്ള അനുമാന നികുതിക്കാരായ വ്യാപാരികളെയും സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിങ് സോഫ്‌റ്റ്വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോട് നേരത്തേതന്നെ അഭ്യര്‍ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന www.keralataxes.gov.in എന്ന വെബ്‌സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി. കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം, പ്രളയസെസിന്റെ മറവില്‍ വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.പ്രളയസെസിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും പ്രളയസെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓണക്കാലം അടുത്തിരിക്കെ സെസ് നടപ്പാക്കലിനെതിരെ സമരത്തിന് ഒരുങ്ങുകയാണു വ്യാപാരികള്‍.

Leave a Reply

Your email address will not be published. Required fields are marked *