തിരുവനന്തപുരം:
ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമനത്തിന് അംഗീകാരം നല്‍കി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തസ്തിക സൃഷ്ടിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്‌സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഡല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്‌സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചു.ഒരു ഡ്രൈവറും പ്യൂണും ഓഫീസില്‍ ഉണ്ടാവും. പാര്‍ട്ടി ഇതിന് നേരത്തെ അനുമതി നല്കിയിരുന്നു. ലെയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോള്‍ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ലക്ഷങ്ങള്‍ ബാധ്യത വരുന്ന ഇത്രയും തസ്തികകള്‍ സൃഷ്ടിക്കുന്നത്.
2009 മുതല്‍ 2019 വരെ നീണ്ട പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായി പ്രവര്‍ത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുന്‍പാണ് സമ്പത്തിന് പുതിയ പദവി നല്‍കി കേരള സര്‍ക്കാര്‍ ദില്ലിയിലേക്ക് അയക്കുന്നത്. പ്രളയ പുനരധിവാസത്തിനും മറ്റും പൊതുജനങ്ങളില്‍ നിന്ന് സെസ് പിരിക്കുന്നത് പ്രാബല്യത്തില്‍ വരുന്ന അതേ ദിവസം തന്നെയാണ് ഇത്തരമൊരു നിയമനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.