Fri. Nov 22nd, 2024

 

കുഞ്ഞന്‍ എസ്.യു.വികള്‍ വാഹനപ്രേമികളുടെ മനസ്സു കീഴടക്കിയിരിക്കുകയാണിപ്പോള്‍. ആ നിരയിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നു വിവരം. കമ്പനിയുടെ വാര്‍ഷിക പൊതു യോഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൊത്തത്തില്‍ കറുപ്പില്‍ കുളിച്ചാണ് ഹാരിയര്‍ എത്തുന്നത്.

ഗ്ലോസി ബ്ലാക്ക് പെയിന്റിനൊപ്പം 17 ഇഞ്ച് അലോയ് വീല്‍ മാത്രമല്ല മുന്നിലെ സ്‌കിഡ് പ്ലേറ്റും പിന്നിലെ മാറ്റ് സില്‍വര്‍ ഭാഗവുമെല്ലാം കറുപ്പ് നിറത്തിലാണ്. വിന്‍ഡോ ലൈനിലെ ക്രോം ഫിനിഷ് മാത്രം മാറ്റമില്ലാതെ തുടരും. സാധാരണ ഹാരിയറിലെ ബ്രൗണ്‍ അപ്‌ഹോള്‍സ്ടിക്കു പകരം കറുപ്പ് ലതര്‍ ആണ് ഈ ‘ഹാരിയറി’ലുള്ളത്. ഡാഷിലെ കൃത്രിമ വുഡ് ഇന്‍സര്‍ട്ടിനു പകരം ടെക്‌സ്‌ചേഡ് മാറ്റ് ഗ്രേ പാനലും വരും.

നിറക്കൂട്ട് കറുപ്പിലേക്കു മാറിയതിനപ്പുറം സാധാരണ ഹാരിയറും ഈ പുതിയ പതിപ്പുമായി വ്യത്യാസമില്ല. നിലവിലുള്ള നിറങ്ങളായ കലിസ്റ്റൊ കോപ്പര്‍, തെര്‍മിസ്റ്റൊ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍, ടെലെസ്റ്റൊ ഗ്രേ, ഓര്‍ക്കസ് വൈറ്റ് എന്നിവയ്ക്കും അടുത്തയിടെ അവതരിപ്പിച്ച ഇരട്ട വര്‍ണ സങ്കലനത്തിനുമൊപ്പം പുതു നിറമായിട്ടാവും കറുപ്പിന്റെ വരവ്. ഇരട്ട വര്‍ണ ഹാരിയറിന് 16.76 ലക്ഷം രൂപ ഈടാക്കുന്ന ടാറ്റ മോട്ടോഴ്‌സ് കറുപ്പ് ഹാരിയറിന്റെ വില സംബന്ധിച്ചും സൂചനയൊന്നും നല്‍കിയിട്ടില്ല.

എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലാംപ്, ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ് സീനോണ്‍ ഹെഡ്‌ലാംപ്, കോര്‍ണറിങ് ഫോഗ് ലാംപ്, ഓട്ടോ ഹെഡ്‌ലാംപ്, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, ലതര്‍ അപ്‌ഹോള്‍സ്ട്രി, ലതര്‍ ട്രിംഡ് സ്റ്റീയറിങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്‍പതു ജെ ബി എല്‍ സ്പീക്കര്‍ സഹിതം 8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, റിവേഴ്‌സിങ് കാമറ, ക്രൂസ് കണ്‍ട്രോള്‍, കീരഹിത എന്‍ട്രി, എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലും ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവയൊക്കെയായിട്ടട്ടാണു ഹാരിയര്‍ എത്തുന്നത്.

രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസര്‍ എന്‍ജിനാണു ഹാരിയറിനു കരുത്തേകുന്നത്. ക്രയോടെക് എന്നു ടാറ്റ വിളിക്കുന്ന ഈ എന്‍ജിന് 140 പി എസ് വരെ കരുത്തു സൃഷ്ടിക്കാനാവും. എന്നാല്‍ ടോര്‍ക്കിന്റെ കാര്യത്തില്‍ മാറ്റമൊന്നുമില്ല; ‘കോംപസി’ലെയും ‘ഹാരിയറി’ലെയും എന്‍ജിന്‍ സൃഷ്ടിക്കുക 350 എന്‍.എം തന്നെ. അധിക ഇന്ധനക്ഷമതയ്ക്കായി എന്‍ജിന്‍ ട്യൂണ്‍ ചെയ്ത ടാറ്റ മോട്ടോഴ്‌സ് കരുത്തില്‍ വിട്ടുവീഴ്ച ചെയ്തതാവാമെന്നാണു വിലയിരുത്തല്‍. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സ് സഹിതമാണു നിലവില്‍ ഹാരിയര്‍ വിപണിയിലുള്ളത്. വൈകാതെ ഹ്യുണ്ടയില്‍ നിന്നു കടമെടുത്ത ആറു സ്പീഡ്, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്‌സ് സഹിതവും ഹാരിയര്‍ വില്‍പ്പനയ്‌ക്കെത്തും. ഭാവിയില്‍ 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ സഹിതവും ഹാരിയര്‍ വില്‍പ്പനയ്‌ക്കെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *