ജയ്പൂർ :
രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങളെ തടയുവാനാണ്, സർക്കാരിന്റെ ഈ നടപടി. ജീവപര്യന്തം മുതൽ മരണ ശിക്ഷ വരെ കൊലപാതക കുറ്റങ്ങൾക്ക് ലഭിച്ചേക്കുമെന്ന്, പാർലമെന്ററികാര്യ മന്ത്രി, ശാന്തി ധരിവാൾ വ്യക്തമാക്കി.
‘രാജസ്ഥാൻ പ്രൊട്ടക്ഷൻ ഫ്രം ലിഞ്ചിംഗ് ബിൽ, 2019’ പ്രകാരം, ജാതീയമായ കാരണങ്ങളുടെ പേരിൽ വിവാഹം മുടക്കാൻ പദ്ധതിയിടുന്നതും, സംഘം ചേരുന്നതും ആറ് മാസം മുതൽ അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായിരിക്കും. ആൾക്കൂട്ട കൊലപാതകങ്ങൾക്കായി പദ്ധതിയിടുന്നവർക്കും ഏർപ്പെടുന്നവർക്കും ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കും. ജാതി – വർഗ ഭിന്നതയുടെ പേരിൽ ദമ്പതികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷയും മൂന്ന് ലക്ഷം വരെ പിഴയും കിട്ടും.
ഗുരുതരമായ ഇത്തരം കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുക, എന്ന ലക്ഷ്യത്തോടെയാണ് മരണ ശിക്ഷ വരെ ഏർപ്പെടുത്തിയിരിക്കുന്നതെന്ന്, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വിറ്ററിൽ രേഖപ്പെടുത്തി. ആൾക്കൂട്ട ആക്രമങ്ങളെയും ദുരഭിമാന കൊലകളെയും മുളയിലെ നുള്ളി കളയേണ്ടതുണ്ടെന്നും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.