ഡല്‍ഹി:
വിവിധ മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍ മോശം പ്രകടനം നടത്തുന്നവരുടേയും 55 വയസ് പൂര്‍ത്തിയായവരുടേയും പട്ടിക ഓരോ മാസവും സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദ്ദേശം. മാനസിക-ശാരീരിക ക്ഷമത, ഹാജര്‍നില, കൃത്യനിഷ്ഠത തുടങ്ങിയവ വിലയിരുത്തിയാവും നിര്‍ബന്ധിത വിരമിക്കല്‍. ജൂണ്‍ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു തുടങ്ങി.
റെയില്‍വെ ബോര്‍ഡ് എല്ലാ സോണല്‍ മേധാവികള്‍ക്കും ജീവനക്കാരുടെ പ്രകടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 2020 ഓടെ 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരും 55 വയസ്സ് കഴിഞ്ഞവരുടെയും പട്ടികയാണ് തയ്യാറാക്കുന്നത്. അടുത്തമാസം ഒന്‍പതിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഉത്തരവ് നടപ്പിലാക്കിയാല്‍ മൂന്ന് ലക്ഷം പേര്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയരാകേണ്ടിവരും. റെയില്‍വേ ജീവനക്കാരുടെ എണ്ണം 10 ലക്ഷമാക്കി ചുരുക്കാനാണ് നീക്കം. പൊതു താല്‍പര്യം കണക്കിലെടുത്ത് ജീവനക്കാരുടെ മുന്‍കൂര്‍ വിരമിക്കല്‍ സംബന്ധിച്ചു അഭിപ്രായം തേടുന്നതിനുള്ള നടപടികളെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.