Mon. Dec 23rd, 2024
#ദിനസരികള്‍ 832

രസകരമായ വായന സമ്മാനിക്കുന്ന ഒരു പുസ്തകമാണ് ശ്രീ കാട്ടാക്കട ദിവാകരന്‍ കേരളത്തിന്റെ ഓരോ (കു)ഗ്രാമങ്ങളിലൂടെയും 1964 മുതല്‍ സഞ്ചരിച്ച് തയ്യാറാക്കിയെടുത്ത, ആയിരത്തോളം പേജുകളുള്ള ‘കേരള സഞ്ചാരം’. ഏകദേശം അരനൂറ്റാണ്ടിനു മുമ്പിന് നമ്മുടെ പിതാമഹന്മാര്‍ നടന്ന വഴികളിലൂടെ കടന്നു പോയ ഒരാള്‍ താന്‍ നേരിട്ടു കണ്ട കാഴ്ചകളെ ചരിത്രത്തിന്റേയും ഐതീഹ്യത്തിന്റേയും തൊങ്ങലുകളും ചേരുവകകളോടും കൂടി ആവിഷ്കരിക്കുമ്പോള്‍ ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കുക? ഇക്കാലത്തെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂക്ഷ്മവസ്തുതകളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും താന്‍ അനുഭവിച്ച ഗ്രാമജീവിതങ്ങളെ കാട്ടാക്കാട സത്യസന്ധമായിത്തന്നെയാണ് വരച്ചിടുന്നതെന്ന കാര്യം എടുത്തു പറയേണ്ടതാണ്.

“നാനാവിഷയങ്ങളില്‍ സാമാന്യ പരിചയവും സമാന്യാധികമായുള്ള ജിജ്ഞാസയുമുള്ള ഒരാള്‍ക്കുമാത്രമേ ഇത്തരമൊരു ഗ്രന്ഥം പ്രയോജനകരമായി എഴുതിത്തീര്‍ക്കാന്‍ സാധിക്കൂ. കോശഗ്രന്ധസാധാരണമായ സ്ഥിതിവിവരങ്ങള്‍ കുത്തിനിറച്ചാല്‍ ഗ്രന്ഥം വിരസമാകും. ഇത്തരം ഗ്രന്ഥങ്ങളെഴുതുന്നവര്‍ക്ക് ആ പ്രേരണ അതിവേഗം നിയന്ത്രിക്കാനാവുകയില്ല. ദിവാകരന്‍ കുറേ നിയന്ത്രണം പാലിച്ചിട്ടുണ്ടെന്ന് കാണാം” എന്ന് പ്രൊഫസര്‍ ഗുപ്തന്‍ നായര്‍ അമര്‍ത്തി പറയുന്നതിനു പിന്നില്‍ അക്കാദമികമായി വന്നു ചേര്‍ന്ന ചില അഭിപ്രായ വ്യത്യാസങ്ങളാകാം. എന്നിരുന്നാല്‍ത്തന്നേയും നമ്മുടെ ഗ്രാമങ്ങളേയും അക്കാല ജീവിതങ്ങളേയും അടുത്തു പരിചയപ്പെടുത്താന്‍ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്.

തിരുവനന്തപുരം അന്ന് എന്ന എട്ടാമത്തെ അധ്യായം നോക്കുക –“ പത്മതീര്‍ത്ഥത്തിലെ നീല ജലോപരി, ഉദയകിരണങ്ങള്‍ തത്തിക്കളിച്ചു തുടങ്ങിയിട്ടില്ല.മകരമാസത്തില്‍ കുളിച്ച് ഈറനാര്‍ന്നു നില്ക്കുന്ന ക്ഷേത്രഗോപുരാഗ്രങ്ങളിലെ തങ്കത്താഴികക്കുടങ്ങളില്‍ തഴുകി സായൂജ്യമടയാന്‍ പുലര്‍ വെളിച്ചം തയ്യാറെടുക്കുന്നതേയുള്ളു. പള്ളിക്കുറുപ്പു കൊള്ളുന്ന അനന്തശായിയുടെ ശിലാശില്പ സങ്കേതത്തിന് നക്ഷത്രാങ്കിതമായ നീലമേലാപ്പ് ചാര്‍ത്തി നില്ക്കുന്ന പൌര്‍ണമി തീര്‍ത്ത പാലാഴിയില്‍ തുടിച്ചു നില്ക്കുകയാണ് ആ ക്ഷേത്ര സങ്കേതകമൊട്ടാകെ. നേരം പുലരുന്നതേയുള്ളു. എങ്കിലും പത്മതീര്‍ത്ഥം ശബ്ദമുഖരിതം. ചലനാത്മകം. അടുത്തും അകലത്തുമുള്ള അരയാല്‍ ചില്ലകളിലേയും രാജരഥ്യകളിലെ ഒളിസങ്കേതങ്ങളിലേയും രാത്രിഞ്ചരന്മാര്‍ ചേക്കേറാന്‍ തിടുക്കം കൂട്ടി.ആ കൊടുംതണുപ്പിലും പത്മതീര്‍ത്ഥത്തില്‍ മുങ്ങിത്തുടിക്കുന്ന ബ്രാഹ്മണ ശ്രേഷ്ഠന്മാര്‍ തിരക്കു കൂട്ടുകയാണ്. കന്യാകുമാരി മുതല്‍ ഗോകര്‍‌ണം വരെയുള്ള പല ദേശങ്ങളില്‍ നിന്നും മുറജപത്തിനെത്തിയവര്‍ ദേശ്യഭാഷാഭേദങ്ങള്‍ അന്തരീക്ഷത്തില്‍ അരിച്ചു നടന്നു. സാക്ഷാല്‍ ശ്രീ പത്മനാഭന്‍ പള്ളി ഉണരുന്നതിനു മുമ്പേ കുളിച്ചു ശുദ്ധം വരുത്തി പൂജാദികര്‍മ്മങ്ങള്‍ നടത്തണം. സ്വാമി സന്നിധിയിലെത്തണം.” ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ഒരു ദിവസം ആരംഭിക്കുന്നതിനെക്കുറിച്ച് എഴുതിയ ഈ വരികള്‍ പൊതുവേയുള്ള അദ്ദേഹത്തിന്റെ ചിന്താരീതിയെ വ്യക്തമാക്കുന്നതിനു സഹായിക്കുമെന്നു കരുതുന്നു.

നമുക്കു നേരിട്ടു പരിചയമുള്ള നമ്മുടെ നാടിനെക്കുറിച്ച് എഴിതിയിരിക്കുന്നത് വായിക്കാന്‍ കൌതുകം കൂടുമല്ലോ. വയനാട് ജില്ലയെ അദ്ദേഹം ആറോ ഏഴോ ലേഖനങ്ങളിലൂടെയാണ് പരിചയപ്പെടുത്തുന്നത്. കല്പറ്റ , സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, തിരുനെല്ലി, പുല്പള്ളി , പഴശ്ശി സമരങ്ങള്‍ എന്നിങ്ങനെ വിന്യസിച്ചിരിക്കുന്നവയില്‍ ഏവര്‍ക്കും ഏറെ സുപരിചിതമായ പഴശ്ശി സ്മാരകത്തെക്കുറിച്ച് എഴിതിയിരിക്കുന്നത് വായിക്കുക-“1970 കാലഘട്ടം. മാനന്തവാടി ടൌണിനു സമീപം മുകള്‍ ഭാഗത്തുള്ള ആശുപത്രിക്ക് പിന്നില്‍ സ്കൂളിന് സമീപമുള്ള കുറ്റിക്കാടുകളിലൂടെ തപ്പിത്തടഞ്ഞ് മുന്നോട്ടു നീങ്ങിയപ്പോള്‍ ആദ്യം കാണാന്‍ കഴിഞ്ഞത് കുറ്റിക്കാടുകളുടെ ഇടയില്‍ ഒരു കാട്ടുമരത്തിന്റെ ചോട്ടില്‍  കേരള സിംഹം പഴശ്ശി രാജാവിന്റെ അസ്ഥിത്തറ ഒറ്റപ്പെട്ട് അവഗണിക്കപ്പെട്ട നിലയിൽ കിടക്കുന്നതാണ്. കുറ്റിച്ചെടികള്‍ക്കിടയിലൂടെ പ്രയാസപ്പെട്ടു നടന്ന് ആ ആല്‍മരച്ചുവട്ടിലെത്തി.ആ കല്‍ത്തറയെ വിഴുങ്ങിക്കൊണ്ട് നാലുചുറ്റിനും പൊതിഞ്ഞു വളര്‍ന്ന് അമര്‍ന്നു നില്ക്കുന്ന അരയാല്‍. അതിന്റെ വിസ്തൃതമായ ചോട്ടില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം, തായ്ത്തടിയിലെ വിടവുകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന സ്മാരക ശിലകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ സ്മാരകം തികച്ചും തിരോഭൂതമാകാന്‍ അധികകാലം വേണ്ടിവരികയിയില്ലെന്നു തോന്നി.”

അസ്ഥിത്തറയെ പൊതിഞ്ഞു നില്ക്കുന്ന ആല്‍മരം ഇല്ലാതായിട്ട് അധികകാലമായിട്ടില്ല. ഞാന്‍ ആദ്യമായി പഴശ്ശി സ്മാരകം കാണുമ്പോള്‍ ആലിന്റെ വേരിന്റെ ഇടയിലൂടെ പാതി പൊളിഞ്ഞ, ചെത്തു കല്ലുകൊണ്ട് വൃത്തത്തില്‍ കെട്ടിയ ഒരു ശേഷിപ്പിനെ കാണാമായിരുന്നു. പഴശ്ശി രാജാവിനെ അടക്കിയ അവിടം അദ്ദേഹം വിഴുങ്ങിയെന്ന് കരുതപ്പെടുന്ന മോതിരം കിട്ടുമെന്ന പ്രതീക്ഷയില്‍ പലരും മാന്തിനോക്കിയിട്ടുണ്ടത്രേ! എന്തായാലും ഇന്നവിടെ വെട്ടുകല്ലുകളാല്‍ കെട്ടിയുണ്ടാക്കിയ ഒരു സംരക്ഷണ വട്ടമുണ്ട്. ആല്‍മരമില്ല. പഴശ്ശിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ കീഴീല്‍ ഒരു മ്യൂസിയവും അവിടെ പ്രവര്‍ത്തിക്കുന്നു. ടിപ്പുവിന്റെ മാനന്തവാടിയിലെ വെടി മരുന്നറ പൊതുമരാമത്ത് വകുപ്പ് ആര്‍ക്കോ പതിനേഴു രൂപയ്ക്ക് വിറ്റ കഥയും അദ്ദേഹം പറയുന്നുണ്ട്.

അരനൂറ്റാണ്ടു മുമ്പ് കേരളം എന്തായിരുന്നുവെന്നും എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു പഠന സഹായിയാണ് ഈ ഗ്രന്ഥം എന്ന കാര്യത്തില്‍ സംശയമില്ല. കൌതുകകരമായ അത്തരം കഥകളിലൂടെ കേരള സഞ്ചാരം രസകരവുമായ ഒരു വായനാനുഭവമാണ്. എന്റെ കൈയ്യിലുള്ള പതിപ്പ് സെഡ് ലൈബ്രറിക്കാര്‍ 2005 മെയ് മാസം 500 രൂപയ്ക്ക് ഇറക്കിയതാണ്. ഇതേ പുസ്തകം എന്‍. ബി. എസ്സും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *