മുംബൈ:
ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എന്‍.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പരിശോധനാ ഫലം മുദ്രവെച്ച കവറില്‍ കോടതി രജിസ്ട്രാര്‍ക്ക് നല്‍കണം.
പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരി രക്ത സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചത്. ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരി ഹര്‍ജിയില്‍ ആരോപിക്കുന്നത്. യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന ആവശ്യമാണെന്നായിരുന്നു പോലീസിന്റെ വാദം. ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ബിനോയ് കോടിയേരി വിസമ്മതിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. നേരത്തെ രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു ബിനോയിയുടെ വാദം. പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കാനുണ്ടെന്ന കാരണം പറഞ്ഞും ബിനോയ് ഡി.എന്‍.എ പരിശോധനയില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.