Fri. Nov 22nd, 2024
ചിത്രത്തിന് കടപ്പാട്

#ദിനസരികള്‍ 831
റൂസോയുടെ “മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷേ എങ്ങും ഞാനവനെ ചങ്ങലക്കിട്ടു കാണുന്നു” എന്ന വചനത്തെ വിഖ്യാതമായ ഉദ്ധരിച്ചു കൊണ്ടാണ് ഒ.വി. വിജയന്‍ മുടിചൂടല്‍ എന്ന ലേഖനം ആരംഭിക്കുന്നത്. അദ്ദേഹം എഴുതുന്നു-“പിറന്നു വീഴുന്ന കുട്ടികളുടെ കാലില്‍ ചങ്ങലകള്‍ ഒന്നല്ല ഒരുപാടാണ്. അവയില്‍ ഏറ്റവും വലിയത് സംഘടിത മതത്തിന്റെ ചങ്ങലയാണ്. ഹൈന്ദവ പഞ്ചാംഗമനുസരിച്ച് ലക്ഷങ്ങളോളം കൊല്ലം മുമ്പ് നടന്ന രാമാവതാരം ഒരു സി.പി.ഐ. സ്ഥാനാര്‍ത്ഥിയുടെ നിയോജക മണ്ഡലമായ ഇന്നത്തെ അയോധ്യയിലാണെന്ന് ശഠിക്കുന്ന ഹിന്ദുവും മുഗള ചക്രവര്‍ത്തിയും കുടിയേറ്റക്കാരനുമായ ബാബറിന്റെ പുരാവസ്തു വിശുദ്ധമാണെന്ന് ശഠിക്കുന്ന മുസല്‍മാനും സ്വതന്ത്രരായി പിറന്നു വീണവരല്ല. പ്രസവവേദനയ്ക്കു മുമ്പുതന്നെ അവരുടെ കടുംപിടുത്തങ്ങളും അന്ധവിശ്വാസങ്ങളും അവര്‍ക്കായി നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു.”

ഇവിടെ നിന്നും നാം ചിന്തിച്ചു തുടങ്ങുക. പ്രസവവേദനയ്ക്കു മുമ്പുതന്നെ അവരുടെ കടുംപിടുത്തങ്ങളും അന്ധവിശ്വാസങ്ങളും അവര്‍ക്കായി നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു എന്ന വാചകത്തിന് ഇവിടം മുതലുള്ള നമ്മുടെ ചിന്തയില്‍ സവിശേഷമായ സ്ഥാനമുണ്ട്. ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുന്നതിനു മുമ്പുതന്നെ ജാതിയും മതവും ജീവിച്ചു മരിക്കേണ്ട സാഹചര്യങ്ങളും നിര്‍ണയിക്കപ്പെടുന്നു. ഏതോ വിശ്വാസത്തെ താലോലിക്കുന്ന ഒരു അച്ഛനും അമ്മക്കും ജനിച്ചു പോയി എന്നതു മാത്രമാണ് ആ കുഞ്ഞ് ചെയ്ത അപരാധം. അതിനുശേഷം ആ കുഞ്ഞും അന്ധമായി വിശ്വാസത്തെ പിന്തുടരാന്‍ പരിശീലിക്കപ്പെടുകയും അത്തരം ആചാരങ്ങളുടേയോ അനുഷ്ഠാനങ്ങളുടെ ഭാഗമാണ് താനെന്ന് കുട്ടിയുടെ മനസ്സില്‍ തീര്‍ച്ചപ്പെട്ടു വരികയും ചെയ്യുന്നു.

പിന്നീട് ആ വിശ്വാസങ്ങളുടെ കെട്ടുപാടുകളിലേക്ക് പിണഞ്ഞു കേറുക എന്നുതല്ലാതെ അവന് മറ്റൊരു വഴിയില്ല, ചുരുങ്ങിയ പക്ഷം രക്ഷിതാക്കെ ലംഘിക്കുവാനുള്ള ബൌദ്ധികശേഷി അവന്‍ നേടിയെടുക്കുന്നതുവരെയെങ്കിലും. അതിനു ശേഷമാകട്ടെ ഭൂരിഭാഗം പേരും അത്തരത്തിലുള്ള അടിസ്ഥാനമില്ലാത്ത ആശയങ്ങളുടെ അരികുപറ്റി തങ്ങളുടെ ജീവിതം അഭിനയിച്ചു തീര്‍ക്കുന്നു. എന്നു മാത്രവുമല്ല വിശ്വാസങ്ങളെ അടുത്ത തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ വെമ്പി നില്ക്കുന്നവരായി അവര്‍ പരിണമിച്ചെത്തുകയും ചെയ്യുന്നു.

തികച്ചും അസംബന്ധങ്ങളെ പേറി അതാണ് ശരിയെന്ന് വാദിച്ചും അഭിനയിച്ചും ജീവിതാവസാനത്തോളം തുഴയേണ്ടി വരുന്ന ‘വിശ്വാസികളില്‍ നിന്നും കുട്ടികളെയെങ്കിലും മോചിപ്പിച്ചെടുക്കുക എന്നതേയുള്ള പോംവഴി. അതാകട്ടെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. മതം പരിശീലിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാല്‍ ഇവിടെ ഒഴുകുന്ന രക്തപ്പുഴകള്‍ എത്ര ആഴവും പരപ്പുമുള്ളതായിരിക്കുമെന്ന് സങ്കല്പിച്ചെടുക്കാന്‍ അധികം ക്ലേശമൊന്നും ആവശ്യമില്ലല്ലോ! എന്നാല്‍ പോലും ഒരു സ്വതന്ത്ര ജീവിയായി പിറന്നു വീഴുന്ന ഒരു കുഞ്ഞിന്റെ അവകാശങ്ങളെപ്പറ്റി ഏതെങ്കിലും ഒരു മൂലയ്ക്കു നിന്ന് നാം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വിജയന്‍ ഈ സമസ്യയെ തമാശ രൂപേണ അഭിവാദ്യം ചെയ്യുന്നുണ്ട് “ലളിതമായ ഒരു പോംവഴിയുണ്ട്. ഓരോ ദിവസവും പിറക്കുന്ന കുട്ടികളെ അന്നു സന്ധ്യയ്ക്ക് ശേഖരിച്ച് വട്ടം തിരിയുന്ന ഒരു വലിയ പാത്രത്തിലിട്ട് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നറുക്കിട്ടെടുത്ത് ദമ്പതിമാര്‍ക്ക് വീണ്ടും വിതരണം ചെയ്യുക. ഇങ്ങനെയാണെങ്കില്‍ അശോക് സിംഗല്‍ താന്‍ മുസ്ലീമാണെന്നും ഷിഹാബുദ്ദീന്‍ ഹിന്ദുവാണെന്നുമൊക്കെ ശങ്കിച്ചു തുടങ്ങും. എന്തിന് എസ്.എന്‍.ഡി.പിക്കാര്‍ എന്‍.എസ്.എസില്‍ ചേരാന്‍ ശ്രമിച്ചെന്നു വരും”

സ്വയം തിരഞ്ഞെടുപ്പിനുള്ള ശേഷി വരുന്നതുവരെയെങ്കിലും മതപരിശീലനങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ വിലക്കുകയും എല്ലാ മതങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമുള്ള ആശയങ്ങളെ പഠിക്കാനനുവദിക്കുകയും അതിനു ശേഷം അവന്റെ ആവശ്യത്തിനും ചിന്താശേഷിക്കും ഇണങ്ങുന്നതിനെ വേണമെങ്കില്‍ സ്വീകരിക്കുവാന്‍ അനുവദിക്കുകയും ചെയ്യുക എന്നതൊരു നല്ല വഴിയാണ്. മതമില്ലാത്തവര്‍ മൂന്നാം സ്ഥാനത്തു വരുന്ന ഒരു ലോക പരിതസ്ഥിതിയില്‍ പ്രത്യേകിച്ചും. (Christianity -31.5% , Islam 23.2%,Unaffiliated -16.3%, Hinduism -15%,Buddhism – 7.1% എന്നാണ് ലഭ്യമാകുന്ന കണക്ക്. മതരഹിതരായവരും അജ്ഞേയ വാദികളും മറ്റും 16.3 ശതമാനം ജനസംഖ്യയുമായി മൂന്നാം സ്ഥാനത്തു നില്ക്കുന്നു.)

മതം മറ്റെല്ലാക്കാലത്തേക്കാളും അപകടകരമായി കടന്നു കയറിയ വര്‍ത്തമാനകാലത്ത് ഇത്തരമൊരു ചിന്ത പങ്കുവെയ്ക്കുന്നതുപോലും വലിയ വിഡ്ഢിത്തമായും സംഘടിതമതങ്ങളെ വെല്ലുവിളിക്കുന്നതായും കണക്കാക്കപ്പെടാം. എന്നാല്‍‌പ്പോലും മതം നിലനില്ക്കുന്ന കാലത്തോളം മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുകയില്ലെന്ന വസ്തുത ഇടയ്ക്കിടയ്ക്ക് ആരെങ്കിലും വിളിച്ചു പറയാതിരിക്കുന്നതെങ്ങനെ?

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *