പാലക്കാട് :
രണ്ട് ദിവസം മുന്‍പ് പാലക്കാട് ലക്കിടിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ പോലീസുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പാലക്കാട് കല്ലേക്കാട് എ.ആര്‍. ക്യാമ്പിലെ ആദിവാസി വിഭാഗക്കാരനായ പൊലീസുകാരന്‍ കുമാറിന്റെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
ആദിവാസിയായ കുമാറിനോട് ജാതി വിവേചനം കാട്ടിയിരുന്നതായും നഗ്നനാക്കി മര്‍ദ്ദിച്ചിരുന്നതായും ആരോപിച്ച് കുമാറിന്റെ ഭാര്യ സജിനിയാണ് രംഗത്തു വന്നിട്ടുള്ളത്. ക്യാംപിൽ നിരന്തരമായി മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുമാറിന് നേരിടേണ്ടി വന്നതെന്നും, ജാതീയമായി അധിക്ഷേപം ഉണ്ടായിരുന്നതായി കുമാർ പറഞ്ഞിരുന്നതായി ഭാര്യ സജിനി പറയുന്നു. ഇതിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകാനൊരുങ്ങുകയാണ് സജിനി.
കുമാറിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കുമാറിന്റെ ഊരായ അട്ടപ്പാടിയിലെ കുന്നൻചാള നിവാസികൾ.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷൊര്‍ണ്ണൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ആദിവാസിയായതിനാല്‍ ബുദ്ധിയില്ലെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിക്കുമായിരുന്നു. രണ്ട് എ.എസ്.ഐ മാരില്‍ നിന്നും ഒരു എസ്.ഐയില്‍ നിന്നുമാണ് കുമാറിന് പീഡനം നേരിട്ടിരുന്നത്. മാസങ്ങളായി ഇത് നേരിടേണ്ടി വന്നു.
രണ്ടാഴ്ചയിലേറെ കുമാർ അനുവാദമില്ലാത്ത അവധിയിലായിരുന്നെന്നും ഇതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ജാതീയമായ വേർതിരിവ് ക്യാംപിൽ ഉണ്ടോ എന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.