ന്യൂഡൽഹി:
പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിനിടെ, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കി. പ്രതിപക്ഷം ഉന്നയിച്ച എതിർപ്പ് 82 നെതിരെ 303 വോട്ടിനു സഭ തള്ളി.
മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷന് മൂന്ന് വർഷം ജയിൽശിക്ഷ നൽകുന്ന ബില്ലിലെ വ്യവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഡി.എം.കെ, ആർ.എസ്.പി, എൻ.സി.പി, എസ്പി, തൃണമൂൽ എന്നീ കക്ഷികൾ ഇറങ്ങിപ്പോയി. മുസ്‍ലിം ലീഗും സി.പി.എമ്മും ശബ്ദവോട്ടിൽ പങ്കെടുത്ത് എതിർപ്പ് വ്യക്തമാക്കി. ബില്ലിലെ വ്യവസ്ഥകൾക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), കെ. മുരളീധരൻ (കോൺഗ്രസ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി.) എന്നിവർ കൊണ്ടുവന്ന ഭേദഗതികൾ സഭ തള്ളി.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണു ബിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മുസ്ലിം സമുദായത്തെ വേട്ടയാടാനുള്ള ഗൂഢലക്ഷ്യങ്ങളോടെയുള്ള ബില്ലാണിതെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. മുസ്ലിം സമുദായത്തെ ബ്ലാക്ക് മെയിൽ ചെയ്യാനാണു സർക്കാർ ശ്രമമെന്നും ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.
എന്നാൽ മുസ്‌ലിം സ്ത്രീകൾക്കു നീതി ഉറപ്പാക്കാനുള്ളതാണെന്നും സർക്കാരിനു രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ബിൽ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.
ഇത് മൂന്നാം തവണയാണു ബിൽ ലോക്സഭ പാസാക്കുന്നത്. രാജ്യസഭയിൽ ബിൽ പാസാക്കാൻ സാധിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. 2017 ഡിസംബറിലാണ് മുസ്ലിം സ്ത്രീകള്‍ക്കുള്ള വിവാഹ സംരക്ഷണബില്‍ ആദ്യമായി ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ക്കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
2017 ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്. സൈറ ബാനുവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലായിരുന്നു കോടതിവിധി.
അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് അന്ന് ബിൽ പാസ്സായത്.
അന്നും കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബില്ലിനെ എതിർത്തിരുന്നു. മൂന്ന് വാദമുഖങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. ഭർത്താവിന് മൂന്നു വർഷത്തെ തടവ് നൽകണമെന്ന ബില്ലിലെ വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു. രാജ്യത്തെ മറ്റൊരു മതത്തിലും ഭാര്യയെ ഉപേക്ഷിക്കുന്നതിന് ഇത്രയും കടുത്ത ശിക്ഷയില്ലെന്നത് പാർട്ടികൾ ചൂണ്ടിക്കാട്ടി. ഭർത്താവ് ജയിലിലായാൽ ആരാണ് ഭാര്യക്ക് ചെലവ് നൽകുക എന്നതിലും വ്യക്തതയില്ലെന്ന് പ്രതിപക്ഷം വാദിക്കുന്നു. ഒരു കുടുംബത്തെ തകർക്കാനല്ലാതെ ഒരുമിപ്പിക്കാൻ ഇത്തരം കടുത്ത നടപടികൾക്ക് സാധിക്കുമോയെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു.
സൈറാബാനു കേസ് :
2015 ഒക്ടോബറിലാണ് തന്റെ ഭര്‍ത്താവ് തലാഖ് എന്ന് മൂന്ന് തവണ എഴുതിയ കത്ത് സൈറ ബാനു കൈപ്പറ്റുന്നത്. ബാനുവിന്റെ ഭര്‍ത്താവായ റിസ്വാന്‍ അഹമ്മദ് അവരുടെ രണ്ട് കുട്ടികളെയും ബാനുവില്‍ നിന്നകറ്റി. ഒടുവില്‍ മൊഴി ചൊല്ലപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് സൈറ ബാനു നീതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. 2002-ലായിരുന്നു ഇവരുടെ വിവാഹം. കത്തിലൂടെയും എസ്.എം.എസ്സിലൂടെയും മൂന്ന് തവണ തലാഖ് പറഞ്ഞ് ഭാര്യമാരെ ഉപേക്ഷിക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്നാണ് സൈറ ബാനു സമര്‍പ്പിച്ച ഹര്‍ജിയില്‍ അവര്‍ ഉയര്‍ത്തി കാണിച്ചത്. മൂന്ന് മാസക്കാലത്തെ അനുരഞ്ജന ചര്‍ച്ചകള്‍ക്കുള്ള ഇദ്ദ കാലയളവ് പരിഗണിക്കാതെയാണ് മൊഴി ചൊല്ലല്‍ നടക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആദ്യ ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് പറയുന്ന നിക്കാഹ് ഹലാല നിയമത്തിനെതിരെയും അവര്‍ സുപ്രീം കോടതിയില്‍ പോരാടി.
സൈറ ബാനുവിനെ പോലെ സമാന സാഹചര്യങ്ങളിൽ മുത്തലാഖ് വഴി വിവാഹബന്ധം വേർപെട്ട ഇസ്രത്ത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീണ്‍, അഫ്രീന്‍ റഹ്മാന്‍, അതിയ സാബ്രി എന്നീ സ്ത്രീകളും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. അഞ്ചു വനിതകളുടെ ഹര്‍ജികള്‍ സുപ്രീം കോടതി സ്വീകരിച്ചതോടെ, ധാര്‍മിക പിന്തുണയുമായി മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഇക്വാലിറ്റി (എം.ഡബ്ള്യു.ക്യു.ഇ.), ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി (കെ.എസ്.എസ്.) എന്നീ സംഘടനകളും കക്ഷിചേര്‍ന്നു.
പ്രത്യക്ഷത്തില്‍ത്തന്നെ ഏകപക്ഷീയമായ ആചാരമാണ് മുത്തലാഖെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്നു ജഡ്ജിമാരും വിധിയെഴുതി. ‘മുത്തലാഖ് തൽക്ഷണവും പിന്‍വലിക്കാനാവാത്തതുമാണെന്നതാണ് യാഥാര്‍ഥ്യം. ഇരുകുടുംബങ്ങളിലെയും രണ്ടു മധ്യസ്ഥര്‍ ഭര്‍ത്താവിനും ഭാര്യക്കുമിടയില്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നത് വിവാഹബന്ധം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണ്. എന്നാല്‍ അത് മുത്തലാഖിന്റെ കാര്യത്തില്‍ സാധ്യമല്ല.’- വിധിന്യായത്തില്‍ പറയുന്നു.
എന്താണ് മുത്തലാഖ് ബിൽ? :
മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) പ്രകാരം മുത്തലാഖ് നിയമവിരുദ്ധവും നിരോധിക്കേണ്ടതുമാണ്. ഭാര്യയെ തലാഖ് ചൊല്ലുന്നയാള്‍ക്ക് ജയില്‍ശിക്ഷയും പിഴയുമാണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്. തലാഖ്-ഇ-ബിദ്ദത്ത് ജാമ്യമില്ലാക്കുറ്റമായും അതില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്ലിലെ മൂന്നാം നിബന്ധന- ‘വാക്കുകള്‍ (സംസാരം, എഴുത്തുരൂപങ്ങള്‍) ഇലക്ട്രോണിക് രീതി മറ്റേതെങ്കിലും മാര്‍ഗം എന്നിവയിലൂടെ തലാഖ് ചൊല്ലുന്നത് നിരോധിക്കേണ്ടതും നിയമവിരുദ്ധവുമാണ്.’ തലാഖ് ചൊല്ലലിനു വിധേയരായ മുസ്ലിം സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കണം. ആശ്രയിച്ചു ജീവിക്കുന്ന കുട്ടികള്‍ക്കും ജീവനാംശം നല്‍കണം. ജീവനാംശം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരിക്കും നിശ്ചയിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണച്ചുമതല തലാഖിന് വിധേയരാകുന്ന സ്ത്രീകള്‍ക്കായിരിക്കും.
എന്താണ് തലാഖും മുത്തലാഖും തമ്മിലുള്ള വ്യത്യാസം? :
അറബിയില്‍ ‘തലാഖ്’ എന്നാല്‍ പുരുഷന്‍ നടത്തുന്ന വിവാഹമോചനം എന്നാണ് അര്‍ഥം. സ്ത്രീ പുരുഷനില്‍നിന്ന് വിവാഹം മോചനം നേടുന്നതിനെ ‘ഫസ്ഖ്’ എന്നാണ് പറയുന്നത്. വിവാഹമോചനത്തിന്റെ ഭാഗമായി ഭര്‍ത്താവ് ഭാര്യയോട് തലാഖ് പറഞ്ഞാലുടന്‍ സ്ത്രീയെ വീട്ടില്‍നിന്ന് പുറത്താക്കാനും സാധിക്കില്ല. മൂന്ന് മാസം നിര്‍ബന്ധമായും ഭര്‍ത്താവിന്റെ വീട്ടില്‍ തങ്ങണമെന്നാണ് വ്യവസ്ഥ. ഇതിനു അറബിയില്‍ പറയുന്ന വാക്കാണു ‘ഇദ്ദ’. ഈ കാലയളവില്‍ ഭര്‍ത്താവിന് ഭാര്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കും. ഈ കാലയളവില്‍ ദമ്പതികള്‍ തമ്മില്‍ സഹവാസമുണ്ടായാല്‍ ആദ്യ തലാഖ് റദ്ദാക്കും. എന്നാല്‍ ഇദ്ദ കാലം കഴിഞ്ഞിട്ടും ഭര്‍ത്താവ് തലാഖ് റദ്ദാക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ഇതിനെ അന്തിമമായി പരിഗണിക്കും.
മുത്തലാഖ് (തലാഖ്-ഇ-ബിദത്ത്) പ്രകാരം ഭര്‍ത്താവായ പുരുഷന്‍ ഫോണ്‍ വഴിയോ, മെസ്സേജ് വഴിയോ, കത്തിലൂടെയോ ഒറ്റയടിക്ക് മൂന്നു തലാഖ് (മുത്തലാഖ്) ചൊല്ലിയാല്‍, പിന്നീട് ബന്ധം പുനഃസ്ഥാപിക്കാന്‍ അയാള്‍ ആഗ്രഹിച്ചാല്‍ പോലും, വിവാഹമോചനം അടിയന്തിരവും പിന്‍വലിക്കാനാകാത്തതുമായി കണക്കാക്കുന്നതായിരിക്കും. വീണ്ടും ദമ്പതികള്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, നിക്കാഹ് ഹലാല പ്രകാരം, സ്ത്രീ മറ്റൊരാളെ വിവാഹം ചെയ്യുകയും പിന്നീട് ആ വിവാഹം വേണ്ടെന്നുവയ്ക്കുകയും ശേഷം മൂന്നു മാസത്തെ ഇദ്ദത് കാലം ആചരിക്കുകയും ചെയ്യണം. ഈ കാലാവധി അവസാനിക്കുന്നതോടെ അവര്‍ക്ക് ഭര്‍ത്താവിനടുത്തേക്ക് തിരിച്ചു പോകാം.