Mon. Dec 23rd, 2024
ദുബായ്:

മുപ്പത്തിയഞ്ച് മിനുട്ടുകൊണ്ട്, ദുബായിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള ഫെറി സര്‍വീസ് ആരംഭിച്ചു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) നേതൃത്വത്തില്‍ ദിനവും 42 സര്‍വീസുകളായിരിക്കും നടത്തുക. 125 പേര്‍ക്കായിരിക്കും ഒരു യാത്രയില്‍ ഇരിക്കാനുള്ള സൗകര്യമുണ്ടാവുക. ദുബായിക്കും ഷാര്‍ജക്കും ഇടയിലെ ഗതാഗത തിരക്ക് കുറയ്ക്കുവാൻ ഈ പുതിയ ഫെറി സര്‍വീസ് കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ ഗുബൈബയിലെത്തിയാല്‍ പെട്ടെന്ന് തന്നെ ദുബായ് മെട്രോയില്‍ കയറാനും ഇതുവഴി യാത്രക്കാര്‍ക്ക് സൗകര്യം ലഭിച്ചേക്കും.

സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമായിരിക്കും യാത്രാനിരക്ക്. ദുബായിലെ അല്‍ ഗുബൈബ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വാറിയം മറൈന്‍ സ്‌റ്റേഷൻ വരെയായിരിക്കും യാത്ര. പുലര്‍ച്ചെ അഞ്ചു മണിക്ക് ഷാര്‍ജയില്‍ നിന്നും 5.15 ന് ദുബായിയില്‍ നിന്നും സര്‍വീസ് തുടങ്ങും. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളില്‍, ഓരോ അരമണിക്കൂറിലും സര്‍വീസ് ഉണ്ടാകും. മറ്റു സമയങ്ങളില്‍ ഒന്നര മണിക്കൂറിന്റെ ഇടവേളയിലായിരിക്കും സർവീസ് ഉണ്ടാവുക. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് സൗജന്യമായിരിക്കും. ഷാര്‍ജ സ്‌റ്റേഷനില്‍ ഫെറി യാത്രക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ്ങിനും സൗകര്യമുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *