ദുബായ്:
ലോകമെങ്ങുമുള്ള കുതിരയോട്ട കമ്പക്കാരുടെ മഹാമേളയായി വിശേഷിപ്പിക്കുന്ന ദുബായ് വേള്‍ഡ് കപ്പ് മാര്‍ച്ച് 28-ന് നടക്കും. ദുബായ് മെയ്ദാനിലെ റെയ്സ്‌കോഴ്‌സിലായിരിക്കും മത്സരങ്ങള്‍.
ദുബായ് വേള്‍ഡ് കപ്പിന് മുന്നോടിയായി നടക്കാറുള്ള വിവിധ കുതിരയോട്ട മത്സരങ്ങളടങ്ങിയ ദുബായ് വേള്‍ഡ് കപ്പ് കാര്‍ണിവല്‍ ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി 27 വരെയായി എല്ലാ വ്യാഴാഴ്ചയും രാത്രികളിലായി നടക്കും. ഈ വര്‍ഷം 1,27,40,000 അമേരിക്കന്‍ ഡോളറാണ് മൊത്തം സമ്മാനത്തുക. 12 ദശലക്ഷം ഡോളറായിരിക്കും ദുബായ് വേള്‍ഡ് കപ്പിലെ ജേതാവിന് നല്‍കുന്നത്. ദുബായ് റെയ്സിങ് ക്ലബ്ബാണ് വരുന്ന സീസണിലെ വേള്‍ഡ് കപ്പ് കാര്‍ണിവലിന്റെ തീയതികളും സമ്മാനങ്ങളും പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവുംവലിയ സമ്മാനത്തുക നല്‍കുന്ന ദുബായ് വേള്‍ഡ് കപ്പ് കുതിരയോട്ട മത്സരങ്ങളുടെ റിഹേഴ്സല്‍ എന്ന നിലയിലാണ് മുന്നോടിയായുള്ള വേള്‍ഡ് കപ്പ് കാര്‍ണിവല്‍. ഈ മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന കുതിരകളായിരിക്കും വേള്‍ഡ് കപ്പിലെ പത്തിനങ്ങളില്‍ മത്സരിക്കുന്നത്.
ഈവര്‍ഷവും ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, യു.കെ., അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള പന്തയക്കുതിരകള്‍ ദുബായിലെത്തും. ദുബായ് രാജകുടുംബത്തിന്റെ ഉള്‍പ്പെടെ വിവിധ അറബ് നാടുകളില്‍നിന്നുള്ള കുതിരകളും മത്സരത്തിലുണ്ടാവും. ദുബായ് വേള്‍ഡ് കപ്പിന്റെ 25-ാം വര്‍ഷം എന്ന നിലയില്‍ ഈ വര്‍ഷം വലിയ ഒരുക്കങ്ങളാണ് ദുബായ് റെയ്സിങ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.