Fri. Nov 22nd, 2024

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയേയും ഭാര്യ സാക്ഷിയേയും പ്രതിരോധത്തിലാക്കുന്നു.അമ്രപാലി ഗ്രൂപ്പിനും, റിതി സ്പോര്‍ട്സിനും എതിരെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്.

പണം വകമാറ്റാനുള്ള തട്ടിപ്പ് കരാറുകളാണ് അമ്രപാലി ഗ്രൂപ്പും റിതി സ്‌പോര്‍ട്‌സും ചേര്‍ന്ന് ഉണ്ടാക്കിയത് എന്ന് സുപ്രീംകോടതി അംഗീകരിച്ച ഫോറന്‍സിക് ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വകമാറ്റിയ പണം എത്തിയത് ധോണിയുമായും ഭാര്യ സാക്ഷിയുമായും ബന്ധമുള്ള കമ്പനികളിലേക്കാണ്.റിതി സ്‌പോര്‍ട്‌സിന്റെ ഡയറക്ടറാണ് ധോനിയുടെ ഭാര്യ.

2009-15 വരെയുള്ള കാലയളവില്‍ അമ്രപാലിയില്‍ നിന്ന് റിതി സ്‌പോര്‍ട്‌സ് 42.22 കോടി രൂപ സ്വീകരിച്ചു. ഇരു കമ്പനികളും തമ്മില്‍ ഈ കാലയളവില്‍ നിരവധി കരാറുകളിലും ഒപ്പുവെച്ചിരുന്നു. അതില്‍ പലതും തട്ടിപ്പ് കരാറുകളാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ പണം റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, അമ്രപാലി മഹി ഡവലപ്പേഴ്‌സ് എന്നീ കമ്പനികളിലേക്കാണ് അമ്രപാലി മാറ്റിയത്. ധോനി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് കളിക്കാരുടെ മാര്‍ക്കറ്റിങ് ചുമതലയാണ് റിതി സ്‌പോര്‍ട്‌സിനായിരുന്നു. ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ അമ്രപാലി ഗ്രൂപ്പിന്റെ രജിസ്‌ട്രേഷന്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഈ നടപടിക്ക് പിന്നാലെയാണ് ധോണിക്കും ഭാര്യയ്ക്കും എതിരായ റിപ്പോര്‍ട്ട് വരുന്നത്.

അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ധോണി. പണം വാങ്ങി ഫ്‌ളാറ്റുകള്‍ നല്‍കാതെ വന്നതോടെ ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയതോടെ 2016ല്‍ ധോണി ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും മാറിയിരുന്നു. പിന്നാലെ സാക്ഷിയും രാജിവെച്ചു. അമ്രപാലി ഗ്രൂപ്പ് 150 കോടി രൂപ തനിക്ക് നല്‍കാനുണ്ടെന്ന് പരാതിപ്പെട്ട് ധോണി രംഗത്തെത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *