#ദിനസരികള്‍ 829
ചോദ്യം:- അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് നാടുകടത്തണമെന്ന് ബി.ജെ.പിയുടെ വക്താവ് ബി. ഗോപാലകൃഷ്ണന്‍. എന്തു പറയുന്നു?
ഉത്തരം:- ബി.ജെ.പിയും അവരുടെ നേതാക്കന്മാരും എന്താണെന്ന് തെളിയിക്കുന്നതാണ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവന. അക്കൂട്ടരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് ഒട്ടും അത്ഭുതം തോന്നുന്നില്ല. ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ പ്രതികരിച്ചുവെന്നതാണ് അടൂര്‍ ചെയ്ത തെറ്റ്.
അടുരിനെന്നല്ല മനുഷ്യനെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും അങ്ങനെ പ്രതികരിക്കാനേ കഴിയൂ. ഗോപാലകൃഷ്ണനെപ്പോലെയുള്ള മതതീവ്രവാദികളെ അടൂരിന്റെ നിലപാട് അലോസരപ്പെടുത്തുന്നതില്‍ അത്ഭുതമില്ല. കേരളത്തില്‍ വേരുപിടിക്കാന്‍ കഴിയാത്തതിന്റെ നിരാശയും സങ്കടവുമാണ് ആ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്. കേരളത്തെ കുട്ടിച്ചോറാക്കാന്‍ ഈ വക്താവ് ഗോപാലകൃഷ്ണനടക്കമുള്ള തെമ്മാടികുടെ പേക്കൂത്തുകള്‍ നാം ശബരിമലയുമായി ബന്ധപ്പെട്ട് നാം കണ്ടതുമാണല്ലോ.
അതൊന്നും ഇവിടെ വിലപ്പോകില്ലെന്ന് പറയാനും ഇത്തരം മതഭ്രാന്തന്മാരുടെ ജല്പനങ്ങളെ തള്ളിക്കളയാനുമുള്ള ആര്‍ജ്ജവം കേരള ജനതക്കുണ്ട്. അടൂരിനെ സംരക്ഷിക്കാനും സംഘപരിവാരത്തിന്റെ തെമ്മാടിത്തരങ്ങളെ പ്രതിരോധിക്കാനുമുള്ള കെല്പ് ഇപ്പോള്‍ കേരളത്തിലെ ജനതയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും ബി.ജെ.പിയും ബി. ഗോപാലകൃഷ്ണനെപ്പോലെയുള്ള അവരുടെ നേതൃത്വവും പടിക്കു പുറത്തു നില്ക്കേണ്ടിവരുന്നത്.
കൂട്ടത്തില്‍ ഒരു കാര്യം കൂടി പറയട്ടെ. ശ്രീരാമനെ ദൈവമായി ആരാധിച്ചു പോരുന്ന ഒരു ജനവിഭാഗം ഇവിടെയുണ്ട്. അവരുടെ സങ്കല്പത്തില്‍ മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍. ആ ശ്രീരാമ സങ്കല്പവുമായി പുലബന്ധം പോലുമില്ലാത്ത ഒരു രാമനെയാണ് സംഘപരിവാരം അവരുടേതായ രീതിയില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ആക്രമണോത്സുകത ചുരമാന്തി നില്ക്കുന്ന ഒരു രാമന്‍. കുലച്ച വില്ലുമായി ശത്രുവിനെ കാത്തിരിക്കുന്ന ആ രാമനെ പക്ഷേ നമ്മുടെ കവലകള്‍ തോറും കാണാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല.
സംഘപരിവാരം സൃഷ്ടിച്ചെടുത്ത ആ രാമനും രാമായണത്തിലെ രാമനും തമ്മില്‍ ഒരു ബന്ധവുമില്ല. കൃത്രിമ രാമനെ മുന്‍നിറുത്തി ഇന്ന് ഇന്ത്യയാകെ നടപ്പിലാക്കപ്പെടുന്ന തോന്ന്യവാസങ്ങള്‍ വാല്മീകിയുടെ യഥാര്‍ത്ഥ രാമനെ അപകീര്‍ത്തിപ്പെടുത്തുന്നതുകൂടിയാണ്. രാമനെ ഉപയോഗിച്ചുകൊണ്ട് സംഘപരിവാരം നടത്തുന്ന നെറികെട്ട രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കെതിരെ വിശ്വാസികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.
ചോദ്യം :- ഇങ്ങനെയൊക്കെയാണെങ്കിലും ബി.ജെ.പി. തന്നെയല്ലേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും അപ്രസക്തരാക്കിക്കൊണ്ട് വീണ്ടും അധികാരത്തില്‍ വന്നത്?
ഉത്തരം:- ആ വിജയം പോലും സംശയത്തിന്റെ നിഴലിലാണെന്നതു നാം മറന്നുകൂടാ. വിജയിച്ചതിനു ശേഷം അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കൂടി പരിശോധിക്കുക. മതത്തിന്റെ പേരിലുള്ള തല്ലിക്കൊല്ലലുകള്‍ക്ക് ഒരു കുറവുമില്ല. ജനങ്ങളെ വിഭജിച്ചിക്കുന്ന നടപടികള്‍ക്ക് അവസാനമായില്ല. എന്നു മാത്രവുമല്ല നിലനില്ക്കുന്ന നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ അതിസമര്‍ത്ഥമായ നീക്കങ്ങള്‍ ലോകസഭയില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ നിയമ ഭേദഗതികള്‍ ആരേയും ഭയപ്പെടുത്തുന്നതാണ്. ഇന്നലെ ലോകത്തിന്റെ അഭിനന്ദനം ഏറെ ഏറ്റുവാങ്ങിയ വിവരാവകാശ നിയമത്തേയും കുഴിച്ചു മൂടിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുകളില്ലാത്ത ഒരു കാലത്തെ സ്വപ്നം കണ്ടുകൊണ്ട് ഇന്ത്യയെ ഒരു മതാധിപത്യ രാജ്യമായി നിലനിറുത്തുന്നതിനു വേണ്ടിയുള്ള നീക്കങ്ങളുടെ മുന്നോടിയാണ് ഇവയെല്ലാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതായത് കാര്യങ്ങള്‍ നാം കാണുന്നതുപോലെ കവലപ്രസംഗങ്ങളിലേതുപോലെ അത്ര നിസ്സാരമല്ലെന്ന് ഇനിയെങ്കിലും നമുക്ക് ബോധ്യപ്പെടേണ്ടിയിരിക്കുന്നു.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.