കോഴിക്കോട്:
കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായുളള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. വിമാനത്താവളത്തിന്റെ മുഴുവന്‍ വിശദാശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യവത്കരിക്കാന്‍ പോകുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യവത്കരണത്തിന്റെ നാലാംഘട്ടത്തിലാണ് കരിപ്പൂരിന്റെ പേര് ചേര്‍ത്തിരിക്കുന്നത് . ദക്ഷിണേന്ത്യയിലെ തിരുച്ചിറപ്പള്ളി, കോയമ്ബത്തൂര്‍ എന്നീ വിമാനത്താവളങ്ങളും ഈ പട്ടികയിലുണ്ട്.
സ്വകാര്യവത്കരണത്തിന് മുന്നോടിയായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തി,ശേഷി,സര്‍വീസുകള്‍,വരുമാനം എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത് . ഈ മാസം 22ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വകാര്യവത്കരണപട്ടികയിലുള്ള വിമാനത്താവളങ്ങളിലെ ഡയറക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
സ്വകാര്യവത്കരണ പട്ടികയില്‍ ഉള്ള എല്ലാ വിമാനത്താവളങ്ങളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത് .ലാഭകരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂരിന് പത്താംസ്ഥാനമാണുള്ളത് .വലിയ വിമാനങ്ങളുടെ സര്‍വ്വീസ് വീണ്ടും ആരംഭിക്കുന്നതോടെ കരിപ്പൂര്‍ നാലാംസ്ഥാനത്തേക്ക് മാറുമെന്നാണ് പ്രതീക്ഷ.