കാര്‍ഗില്‍:
കാര്‍ഗില്‍ വിജയദിനത്തിന് ഇന്ന് ഇരുപത് വയസ്സ്. 1999 ജൂലൈ 26 നാണ് നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ വിജയക്കോടി നാട്ടിയിത്. ഓപ്പറേഷന്‍ വിജയ് വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ ബി വാജ്‌പേയ് അന്ന് രാജ്യത്തോടുപറഞ്ഞു.
കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്.ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി. കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു.എന്നാല്‍ ഈ നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ്. തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റമെന്നാണ് ഇന്ത്യന്‍ സൈന്യം ആദ്യം കരുതിയത് അതുകൊണ്ടുതന്നെ ഇവരെ വേഗത്തില്‍ തുരത്താമെന്നാണ് ആദ്യം കരുതിയത്.പിന്നീടാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്ന് മനസ്സിലായത്. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്.
1999 മെയ് മൂന്നിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. രണ്ടു മാസവും മൂന്ന് ആഴ്ചയും രണ്ടു ദിവസവും നടത്തിയ കടുത്ത പോരാട്ടത്തിനോടുവിലാണ് ഇന്ത്യ കാര്‍ഗിലില്‍ വിജയക്കൊടി പാറിച്ചത്.തുടക്കത്തില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാന്‍ ആയില്ല.14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തില്‍ വിന്യസിപ്പിച്ചത്.തന്ത്ര പ്രധാനമായ പല പാതകളും പാക്കിസ്ഥാന്‍ സൈന്യം കയ്യേറിയിരുന്നു. ആ പാതകളാണ് ഇന്ത്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാക്കിസ്ഥാന്‍ ആക്രമണത്തിനു തിരഞ്ഞെടുത്തത്. യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാല്‍ യുദ്ധത്തില്‍ മരിച്ച സൈനികരെ പിന്നീട് പാക്കിസ്ഥാന്‍ രക്തസാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീന്‍ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാക്കിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല.
കാര്‍ഗില്‍ യുദ്ധത്തില്‍ 527 പട്ടാളക്കാര്‍ മരിച്ചു. 1300ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.
പാക്കിസ്ഥാന്റെ ചതിയുടെ കഥയാണ് കാര്‍ഗില്‍ യുദ്ധം. 1998 ല്‍ പാക്കിസ്ഥാന്‍ സൈനിക മേധാവിയായി മുഷാറഫ് സ്ഥാനമേറ്റെടുത്തത് മുതല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ നീക്കങ്ങള്‍ തുടങ്ങിയതായി പിന്നീട് ഇന്ത്യയ്ക്ക് മനസിലായി.കാര്‍ഗില്‍ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയോട് പറഞ്ഞിരുന്നത്.