Mon. Dec 23rd, 2024
ഡല്‍ഹി:

വനിതാ അംഗത്തിനു നേരെ മോശം പദപ്രയോഗം നടത്തിയ അസ്സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ബി.ജെ.പി അംഗം രമാ ദേവിയ്ക്കെതിരെയാണ് ലൈംഗികച്ചുവയുള്ള പരാമര്‍ശം സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ നടത്തിയത്. ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ് അസം ഖാനില്‍ നിന്നുണ്ടായതെന്നും അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് വനിതാ അംഗങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല ഉറപ്പ് നല്‍കി. എല്ലാ പാര്‍ട്ടി നേതാക്കന്മാരുമായി ആലോചിച്ച് അസം ഖാനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസം ഖാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും ചിലര്‍ എഴുന്നേല്‍ക്കുന്നതും സഭയില്‍ കണ്ടു. തന്റെ കണ്ണില്‍ നോക്കി സംസാരിക്കണമെന്ന് പാര്‍ലമെന്റിന്റെ നടുമുറ്റത്ത് നിന്ന് ഒരു സ്ത്രീയോട് പറയാന്‍ ആര്‍ക്കും അവകാശമില്ല. അസം ഖാനെതിരെ ശക്തമായ നടപടി സ്പീക്കര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മിമി ചക്രവര്‍ത്തി പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ബില്ലില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് അസം ഖാന്‍ മോശം പദപ്രയോഗം നടത്തിയത്. ഉടന്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയ ഭരണപക്ഷ അംഗങ്ങള്‍ ഷെയിം, ഷെയിം എന്ന് വിളിച്ചുപറയുകയും ചെയ്തു. എന്നാല്‍ പിന്നാലെ തന്റെ പ്രസ്ഥാവനയില്‍ വിശദീകരണവുമായി അസം ഖാന്‍ തന്നെ രംഗത്തെത്തി. രമാ ദേവി എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ്. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള താന്‍ സ്ത്രീകള്‍ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ ഒരിക്കലും നടത്തില്ല. താന്‍ പറഞ്ഞതില്‍ മോശമായി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ അസം ഖാനെതിരെയുള്ള ആരോപണങ്ങളെ മുന്‍കേന്ദ്രമന്ത്രി എം.ജെ.അക്ബറുമായി ബന്ധപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ന്യായീകരിക്കാനാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ശ്രമിച്ചത്. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാജിവച്ചയാളാണ് എം.ജെ.അക്ബര്‍. സംഭവം അന്വേഷിക്കാന്‍ രൂപീകരിച്ച പാര്‍ലമെന്റ് സമിതിയുടെ പ്രവര്‍ത്തനം എന്തായെന്നും ഒവൈസി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *