Mon. Dec 23rd, 2024
ഡല്‍ഹി:

മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്‌സഭ പരിഗണിക്കും. 2019 ലെ മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പ്രകാരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നേരത്തെ ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ അംഗീകരിച്ചിരുന്നില്ല.മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഇങ്ങനെ വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെടാന്‍ ബുധനാഴ്ച ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. അതേസമയം മുത്തലാഖിനെതിരെ വോട്ടു ചെയ്യാനാണ് പതിമൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. ജനതാദള്‍ യുണൈറ്റഡ്, അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ബില്ലിനെതിരെ രംഗതെത്തിയത്.

2017ലാണ് രാജ്യത്ത് മുത്തലാഖ് നിരോധനം കൊണ്ടുവരുന്നത്. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴി ചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍പര്‍വീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി രാജ്യത്ത് മുത്തലാഖ് നിരോധിക്കുന്നതായി ഉത്തരവിട്ടത്.

അതിനുശേഷം 2017 ഡിസംബര്‍ 27നാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍ എന്ന മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.2018 ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

കഴിഞ്ഞ സെപ്റ്റംബറില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്‌ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.

രാജ്യസഭയില്‍ ഇന്ന് വിവരാവകാശ നിയമ ഭേദഗതി ബില്ലും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *