മുംബൈ :
രാജ്യത്തിന് വേണ്ടി 30 വർഷം ആത്മാർഥമായി ജോലി ചെയ്യുക. അതിൽ തന്നെ 14 വർഷം ശരീരത്തിന് സംഭവിച്ച ഭാഗികമായ പക്ഷാഘാതത്തോട് പൊരുതി ഡിപ്പാർട്മെന്റിലെ തന്നെ ഏറ്റവും സത്യസന്ധനും കഴിവുറ്റവനുമായ പോലീസ് ഉദ്യോഗസ്ഥൻ എന്ന് പേരെടുക്കുക. ഒടുവിൽ റിട്ടയർമെന്റിന്റെ തലേ ദിവസം അർദ്ധ രാത്രി മേലധികാരികൾ കെട്ടിച്ചമച്ച മയക്കു മരുന്ന് കള്ളക്കേസിൽ അറസ്റ്റു ചെയ്യപ്പെടുക. ഇത്തരം ഒരു ദുര്യോഗമാണ് നാലു വർഷം മുന്നേ മുംബൈ പൊലീസിലെ ആന്റി നാർക്കോട്ടിക് സെൽ സീനിയർ ഇൻസ്‌പെക്ടർ ആയിരുന്ന സുഹാസ് ഗോഖലെക്കു നേരിടേണ്ടി വന്നത്.
എന്നാൽ ഇപ്പോൾ മുംബൈ ക്രൈം ബ്രാഞ്ച് അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും ഇല്ലെന്നും നിരപരാധിയാണെന്നും കോടതിയിൽ ബോധിപ്പിച്ചതോടെ അദ്ദേഹം കുറ്റവിമുക്തനായി. പക്ഷെ അതിനു വേണ്ടി നിയമയുദ്ധങ്ങൾ നടത്താൻ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് നീണ്ട നാലു വർഷങ്ങൾ ആയിരുന്നു.
2015 മെയ് 29 നായിരുന്നു സുഹാസ് ഗോഖലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിർദ്ദേശ പ്രകാരം അറസ്റ്റു ചെയ്യുന്നത്. പിറ്റേന്ന് അദ്ദേഹത്തിന്റെ റിട്ടയർമെന്റ് പരേഡ് ആണ്. അദ്ദേഹത്തോടൊപ്പം റിട്ടയർ ചെയ്യുന്ന സഹപ്രവർത്തകർ എല്ലാം പരേഡിൽ സംബന്ധിക്കുമ്പോൾ സുഹാസ് ഗോഖലെ ലോക്കപ്പിൽ ആയിരുന്നു. മുപ്പതു വർഷം ജോലി ചെയ്തതിനു ആദരവായി അവസാനമായി ലഭിക്കുന്ന ആ റിട്ടയർമെന്റ് പരേഡിൽ പങ്കെടുത്ത ശേഷം തന്നെ കൊണ്ട് പോയി കൂടെയെന്ന് സുഹാസ് ഗോഖലെ കരഞ്ഞു പറഞ്ഞെങ്കിലും അതിനു ‘മേലെ’ നിന്നും വിലക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച മറുപടി.
എന്തിനാണ് സുഹാസ് ഗോഖലെ അറസ്റ്റ് ചെയ്യപ്പെട്ടത്?
2015 മാർച്ച് ഒൻപതിന് മുംബൈ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന ധർമ്മരാജ് കാലോഖേയെ മയക്കു മരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാലോഖേയുടെ സത്താറ ജില്ലയിലുള്ള വീട്ടിൽ നിന്നും 112 കിലോ മ്യാ-മ്യാ എന്ന വിളിപ്പേരിലറിയപ്പെടുന്ന മെഫെഡ്രോൺ പോലീസ് കണ്ടെടുക്കുകയായിരുന്നു. കൂടാതെ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിലെ കാലോഖേയുടെ ലോക്കറിൽ നിന്നും 12 കിലോ മെഫെഡ്രോൺ, 20 ഗ്രാം ചരസ്, വിദേശ മദ്യക്കുപ്പികൾ എന്നിവയും കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ ധർമ്മരാജ് കാലോഖേ മുംബൈയിലെ മയക്കു മരുന്ന് കള്ളക്കടത്തു റാണിയായ ബേബി പതംഗറുടെ കൂട്ടാളിയാണെന്നു പൊലീസിന് ബോധ്യമായി. മുപ്പതു വർഷമായി മുംബൈ വർളി കേന്ദ്രീകരിച്ച് മെഫെഡ്രോൺ വ്യാപാരം ചെയ്യുന്ന വൻകിട മയക്കുമരുന്ന് കള്ളക്കടത്തുകാരിയാണ് ബേബി പതംഗർ. മാർച്ച് 11 നു അവധിയിലായിരുന്ന സുഹാസ് ഖോഖലെയെ ബേബി പതംഗർ വിളിക്കുകയും സത്താറ പൊലീസിന് ഞാൻ കൃത്യമായി “പടി” നൽകിയിട്ടും എന്തുകൊണ്ടാണ് ഞങ്ങളെ കേസിൽ കുരുക്കുന്നതെന്നു ചോദിക്കുകയും ചെയ്തിരുന്നു. ആ ഫോൺ വിളിയുടെ ഉറവിടം പരിശോധിച്ച സുഹാസ് ഗോഖലെ അത് ബേബി പതംഗർ തന്നെയാണെന്ന് ഉറപ്പു വരുത്തുകയും തന്റെ മേലധികാരികളെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് മുംബൈ ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിപ്പിക്കപ്പെട്ട സുഹാസ് ഗോഖലെയുടെയും മറ്റു നാല് പോലീസുകാരുടെയും പേരിൽ ബേബി പതംഗർക്ക് മയക്കു മരുന്ന് കള്ളക്കടത്തിന് ഒത്താശ ചെയ്തു എന്ന കുറ്റം ചുമത്തുകയായിരുന്നു. കേന്ദ്രവും, സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി. സർക്കാരാണെന്നാണ് ഈ അറസ്റ്റിനു പിന്നിൽ എന്ന് സുഹാസ് ഗോഖലെയുടെ കുടുംബം ആരോപിച്ചിരുന്നു.
പിന്നീട് ഈ കേസിൽ അപ്രതീക്ഷിത വഴിത്തിരുവുകൾ ഉണ്ടായി. ധർമ്മരാജ് കാലോഖേയിൽ നിന്നും പോലീസ് പിടിച്ച്ചെടുത്ത മെഫെഡ്രോൺ മുംബൈ കലീന ലാബിലും, പിന്നീട് ചണ്ഡീഗഡ് നാഷണൽ ലാബിലും പരിശോധിച്ചപ്പോൾ അത് ഭക്ഷണങ്ങളിൽ ചേർക്കുന്ന “അജിനോമോട്ട” മാത്രമാണെന്നും അതിൽ മയക്കുമരുന്നിന്റെ അംശം ഇല്ലെന്നും കണ്ടെത്തി. മാത്രമല്ല, കാൾ ലിസ്റ്റുകൾ പരിശോധിച്ചപ്പോൾ സുഹാസ് ഗോഖലെയെയും ബേബി പതംഗറും തമ്മിലുള്ള യാതൊരു വിധ ഇടപാടും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നീണ്ട നിയമ യുദ്ധങ്ങൾക്ക് ശേഷം അറസ്റ്റു ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു തെളിവും ലഭിക്കാത്തതിരുന്നതിനാൽ അവർ കുറ്റവിമുക്തരാകുകയായിരുന്നു.
ഇതോടെ ഡിപ്പാർട്മെന്റിലെ ഉൾപ്പോരും, മയക്കുമരുന്ന് രാഷ്ട്രീയ ലോബികളുടെ സ്വാധീനവും മൂലമാണ് സത്യസന്ധനായ ഉദ്യോഗസ്ഥന് നീണ്ട നാലു വർഷം യാതനകൾ അനുഭവിക്കേണ്ടി വന്നതെന്ന് തെളിയുകയായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഗുജറാത്തിൽ സഞ്ജീവ് ഭട്ട് എന്ന ധീരനായ ഉദ്യോഗസ്ഥനെയും സമാനമായ കേസിൽ കുരുക്കി ഭരണകൂടം ജയിലിൽ അടച്ചിരിക്കുകയാണ്. വേറെയും ഉദ്യോഗസ്ഥർ ഇത്തരം അനീതികൾക്ക് പാത്രമായിട്ടുണ്ടാകാം. ഒരു പക്ഷെ വർഷങ്ങൾക്കു ശേഷം അവരൊക്കെ കുറ്റവിമുക്തരായി തിരിച്ചു വരും. പക്ഷെ അവരും അവരുടെ കുടുംബാംഗങ്ങളും ഈ സമയങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങൾ, മാനഹാനി, മാനസിക സംഘർഷങ്ങൾ ഇതിനെല്ലാം ആര് ഉത്തരം പറയും?