കർണ്ണാടക : കർണ്ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കി സ്പീക്കര്‍ കെ.ആർ.രമേശ് കുമാർ. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി, ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. ഇതിൽ, ഒരാള്‍ സ്വതന്ത്ര എം.എല്‍.എ.യും രണ്ട് പേര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമായിരുന്നു. 2023 മെയ് 23 വരെയാണ് അയോഗ്യത കാലാവധി.
സ്വതന്ത്രൻ, ശങ്കര്‍ ജയിച്ചത്, കെ.പി.ജെ.പി എന്ന പാര്‍ട്ടി പ്രതിനിധിയായാണ്. കെ.പി.ജെ.പി പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചുവെന്ന സിദ്ധരാമയ്യയുടെ വാദം അംഗീകരിച്ചതോടെയാണ്, സ്പീക്കരുടെ നടപടി. ബി.ജെ.പിയെ പിന്തുണക്കുന്നുവെന്നാണ് ആര്‍.ശങ്കര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന് അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റിൽ എം.എല്‍.എ.മാരായവരായിരുന്നു, രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി എന്നിവര്‍.
വിശ്വാസ വോട്ടെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ട് രണ്ടാം ദിനമാണ് സ്പീക്കറുടെ ഈ സുപ്രധാന നടപടി. എന്നാൽ, സഖ്യസര്‍ക്കാറില്‍ നിന്ന് കൂറുമാറി ബി.ജെ.പി.യിലെത്തിയ 15 വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ എന്ത് നടപടിയെടുക്കുമെന്ന് വ്യക്തതയില്ല. രണ്ട് ദിവസത്തിനകം ഇവരുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.