Thu. Jan 23rd, 2025

ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ചലച്ചിത്ര മേളയിലേക്ക് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചോല’. ലോകസിനിമയിലെ പുതുമുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമായ, വെനീസിലെ ‘ഒറിസോണ്ടി’ (ചക്രവാളം) മത്സരവിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് സനലിന്റെ ‘ചോല’.

താനുള്‍പ്പെടെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവർക്കുള്ള വലിയ അംഗീകാരമാണിത്, അതുകൊണ്ടുതന്നെ, തങ്ങളെയിത് വിനയാന്വിതരും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

സനലിന്റെ ഫേസ്ബുക്ക് കുറിപ്പ്- “കുഞ്ഞുകുഞ്ഞ് ചുവടുകള്‍ വെച്ചാണ് ഇപ്പോഴും നടക്കുന്നത്. വലിയ കൊമ്പുകള്‍ കാണുമ്പോള്‍ പറന്നുചെന്നിരിക്കാന്‍ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിന്‍വലിയലാണ് ഇപ്പോഴും. കുഞ്ഞു കുഞ്ഞു ചുവടുകള്‍ കൊണ്ടാണ് ചോലയും നടന്നു തീര്‍ത്തത്. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്. വളരെ വലിയ സന്തോഷം.”

ജോജു ജോര്‍ജ്ജും നിമിഷാ സജയനും ചോലയിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചോലയിലെ പ്രകടനം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു മികച്ച നടിയ്ക്കുള്ള കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനു നിമിഷ അര്‍ഹയായത്.

സനല്‍കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’യും അന്തര്‍ദേശീയ വേദിയില്‍ പുരസ്‌കാരം നേടിയ സിനിമയാണ്. പ്രശസ്ത ചലച്ചിത്രോത്സവമായ റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയി ചിത്രമായിരുന്നു ‘എസ് ദുര്‍ഗ’.

Leave a Reply

Your email address will not be published. Required fields are marked *