Mon. Dec 23rd, 2024
കാസര്‍ഗോഡ്:

ബദിയടുക്ക കന്യപ്പാടിയില്‍ രണ്ട് കുട്ടികള്‍ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പുത്തിഗെ പഞ്ചായത്തിലെ കന്യപ്പാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ കുട്ടികളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. 8 മാസം പ്രായമുള്ള മകള്‍ സിദത്തുല്‍ മുന്‍തഹയും 5 വയസ് പ്രായമുള്ള മകന്‍ സിനാനുമാണ് മരിച്ചത്. കുട്ടികളുടെ അമ്മയും സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് തിരിച്ചറിയാന്‍ സാധിക്കാഞ്ഞതാണ് ആദ്യഘട്ടത്തില്‍ ആശങ്കക്കിടയാക്കിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്ത പരിശോധനയിലാണ് പകര്‍ച്ചപ്പനിയല്ലെന്ന് വ്യക്തമായത്.

എന്താണ് പനിക്കുള്ള കാരണമെന്നും ഇതെങ്ങിനെ കുട്ടികളെ ബാധിച്ചുവെന്നും കണ്ടെത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അസുഖം വന്നവരുടെ വീട്ടില്‍ ഇവര്‍ ബന്ധപ്പെട്ട ഇടങ്ങളിലും ഇതിനായി പരിശോധന തുടരുകയാണ്. നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ അമ്മയെ വേണമെങ്കില്‍ കേരളത്തിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *