Mon. Dec 23rd, 2024
കാസര്‍കോട്:

ബദിയടുക്കയില്‍ പനിബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനകള്‍ തുടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചു. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ. അറിയിച്ചു.

ബദിയടുക്ക, കന്യാപ്പടിയിലെ സിദ്ദിഖ് നിഷ ദമ്പതികളുടെ മക്കളായ നാലുവയസുകാരന്‍ മൊയ്തീന്‍ ഷിനാസ്, എട്ടുമാസം പ്രായമുള്ള സിദ്‌റത്തുല്‍ മുന്‍തഹ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇളയ കുട്ടി സിദ്‌റത്തുല്‍ ചൊവ്വാഴ്ചയും ഷിനാസ് ഇന്നലെ രാവിലേയുമാണ് മരിച്ചത്. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സ തേടിയതോടെ ആരോഗ്യവകുപ്പ് പ്രശ്‌നത്തില്‍ ഇടപെട്ടു.

ഇവരെ മംഗളൂരുവില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേയ്‌ക്കോ, കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്‌ക്കോ മാറ്റാനാണ് തീരുമാനം. പരിശോധനയില്‍ എച്ച് 1 എന്‍ 1 അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛന്റെയും, അമ്മയുടേയും സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു. രണ്ടു ദിവസത്തിനകം ഫലം ലഭിക്കും. കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നവരും, ഷിനാസ് പഠിച്ച അങ്കണവാടിയിലെ കുട്ടികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *