Mon. Dec 23rd, 2024
#ദിനസരികള്‍ 827

 

കര്‍ണ്ണാടകയില്‍ വിശ്വാസപ്രമേയത്തിന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. തൊണ്ണൂറ്റിയൊമ്പത് പേര്‍ കുമാരസ്വാമിക്ക് അനുകൂലമായും 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു. അങ്ങനെ രണ്ടുമൂന്നാഴ്ചക്കാലമായി സംസ്ഥാനത്ത് തുടര്‍ന്നു പോന്ന അനിശ്ചിതാവസ്ഥയ്ക്കും വിരാമമായി.

ഹീനമായ അട്ടിമറി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. എല്ലാ വിധ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തിക്കൊണ്ടു നടന്ന നീക്കങ്ങളാണ് കുമാരസ്വാമിയുടെ രാജിയിലേക്ക് എത്തിച്ചതെന്ന് അക്കൂട്ടര്‍ വിലപിക്കുന്നു. എന്തായാലും കര്‍ണ്ണാടകയില്‍ ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

പണംകൊടുത്തുവാങ്ങിയ കസേരയില്‍ കയറി മുഖ്യമന്ത്രിയായിരിക്കാന്‍ ബി.ജെ.പിയുടെ യെദിയൂരപ്പ അണിഞ്ഞിറങ്ങിക്കഴിഞ്ഞു. അതിന്റെ പേരില്‍ കര്‍ണ്ണാടകയിലാകമാനം ആഘോഷ പ്രകടനങ്ങള്‍ നടക്കുന്നു. തെരുവുകള്‍ ബി.ജെ.പിയുടെ പതാകകളില്‍ പൊതിയുന്നു. നടക്കട്ടെ. മോഷ്ടിച്ചതാണെങ്കിലും കള്ളന് ആഹ്‌ളാദിക്കാനുള്ള അവകാശത്തെ നാം അംഗീകരിച്ചു കൊടുക്കണം. അതാണല്ലോ ജനാധിപത്യ മര്യാദ? അപ്പോള്‍ ബി.ജെ.പിയുടെ ആഘോഷവും അംഗീകരിക്കുക.

എന്നാല്‍ കാര്യങ്ങള്‍ അവിടംകൊണ്ട് അവസാനിച്ചു എന്നു കരുതുന്നുവെങ്കില്‍ അത് അസംബന്ധമാകുന്നു. കാരണം, കുമാരസ്വാമി പരാജയപ്പെടാനുള്ള പ്രധാന കാരണമായി മാറിയിരിക്കുന്നത് വിമത എം.എല്‍.എമാരെ വരുതിക്കു നിറുത്താന്‍ കഴിയാത്തതാണ്. നിയമ സഭയില്‍ ഹാജരാകാതെ സ്പീക്കറെ വെല്ലുവിളിക്കാന്‍ അവര്‍ക്ക് ബലമായതാകട്ടെ സുപ്രിംകോടതിയുടെ ഇടപെടലും. അതുകൊണ്ട് കര്‍ണ്ണാടകക നിയമ സഭ വീഴ്ത്താന്‍ സുപ്രിംകോടതി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നതാണ് വാസ്തവം.

വിമത എം.എല്‍.എമാരോട് വിശ്വാസ പ്രമേയ ചര്‍ച്ചയുടെ ഘട്ടത്തില്‍ സഭയില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നാണ് സുപ്രിംകോടതി അഭിപ്രായപ്പെട്ടത്. ഇത് ഫലത്തില്‍ കൂറുമാറ്റ നിരോധന നിയമത്തെ അട്ടിമറിക്കുന്ന നിലപാടാണെന്ന കാര്യത്തില്‍ സംശയമില്ല. താന്‍ അംഗമായിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്‍‌ദ്ദേശങ്ങളെ ലംഘിച്ചുകൊണ്ട് വോട്ടു ചെയ്യുന്ന അംഗത്തെ അയോഗ്യനാക്കാന്‍ കഴിയുന്ന തരത്തിലാണ് 1985 ലെ കൂറുമാറ്റ നിരോധന നിയമം നിലവില്‍ വന്നിട്ടുള്ളത്. യാതൊരു തത്വദീക്ഷയുമില്ലാതെ വിജയിച്ചു കഴിഞ്ഞാല്‍ വ്യക്തിപരമായ ലാഭം നോക്കി ചാഞ്ചാടിക്കളിക്കുന്ന എം.എല്‍.എമാരെ നിലയ്ക്കു നിറുത്താന്‍ ആ നിയമം കുറച്ചൊന്നുമല്ല നമ്മുടെ ജനാധിപത്യപ്രക്രിയയെ സഹായിച്ചിട്ടുള്ളത്. ഇത് മറ്റാര്‍ക്ക് അറിയില്ലെങ്കിലും നമ്മുടെ സുപ്രിംകോടതിയ്ക്ക് അറിയാതെയിരിക്കാന്‍ വഴിയില്ല. എന്നാല്‍ സുപ്രിംകോടതി സഭയില്‍ ഹാജരാകാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് വിധിച്ചതോടെ ഈ നിയമംകൊണ്ട് യാതൊരു വിധത്തിലുള്ള ഉപയോഗവുമില്ലാതായിരിക്കുന്നു.

എന്നുമാത്രവുമല്ല, ഭരണ ഘടനാ പരമായി സ്ഥാപിക്കപ്പട്ടെ അധികാര സ്ഥാപനങ്ങളുടെ അന്തസ്സ് നിലനിറുത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ അതു മാനിക്കാതെ ജുഡീഷ്യറി ഇതര സ്ഥാപനങ്ങളുടെ അവകാശങ്ങളിലേക്ക് കൈകടത്തിയിരിക്കുന്നുവോയെന്നതു കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ട സംഗതിയാണ്. അമിതാധികാര പ്രവണത അഥവാ ജുഡീഷ്യല്‍ ആക്ടിവിസം നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് പല നിയമജ്ഞരും പലതവണയായി വ്യക്തമാക്കിയതുമാണ്. എന്നിട്ടും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ട രീതി ജനാധിപത്യ സ്ഥാപനങ്ങളുടെ അന്തസ്സിനെ ബാധിക്കുന്നുവെങ്കില്‍ ഉടനടി അത് തിരുത്തപ്പെടേണ്ടതു തന്നെയാണ്.

ഫലത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് പത്തുരൂപയ്ക്കു പിന്നാലെ നട്ടെല്ലു പണയം വെച്ച് മുട്ടുകുത്തിയിഴയുന്ന അല്പന്മാരെക്കുറിച്ചുമാത്രമല്ല, നിലനില്ക്കുന്ന നിയമ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് അക്കൂട്ടരെ സഹായിച്ച സുപ്രിംകോടതി വിധിയെക്കുറിച്ചു കൂടിയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *