Sun. Nov 17th, 2024
ലണ്ടന്‍ :

ബ്രിട്ടണ്‍ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്നു അധികാരമേല്‍ക്കും.ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ തലവാനാണദ്ദേഹം.യൂറോപ്യന്‍ യൂണിയനില്‍ നിന്നു കരാറില്ലെങ്കിലും 3 മാസത്തിനകം വിട്ടുപോരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ വിദേശകാര്യ മന്ത്രിയും ലണ്ടന്‍ മുന്‍ മേയറുമാണ് ബോറിസ് ജോണ്‍സന്‍ .
കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പില്‍ 87.4 % അംഗങ്ങള്‍ വോട്ട് ചെയ്തു. ഇതില്‍ തീവ്ര വലതുപക്ഷ വാദിയായ ബോറിസ് ജോണ്‍സനു ഹണ്ടിനേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ (92,153) ലഭിച്ചു. ഹണ്ടിനു 46,650 വോട്ടുകളും. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതു സംബന്ധിച്ച് 2016 ല്‍ നടത്തിയ ഹിതപരിശോധയില്‍ ബ്രെക്‌സിറ്റ് അനുകൂല പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ബോറിസ് ജോണ്‍സന്‍ കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടിരുന്നു.

ബ്രെക്‌സിറ്റ് വിഷയത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ തെരേസ മേയ്ക്കു കഴിയാതെ വന്നതോടെയാണു പുതിയ നേതാവിനെ കണ്ടെത്താന്‍ ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പു നടത്തിയത്. വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും, ബോറിസ് ജോണ്‍സനും തമ്മിലായിരുന്നു പോരാട്ടം. പ്രധാനമന്ത്രി തെരേസ മേ ഇന്നു പാര്‍ലമെന്റില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. അതിനു ശേഷമായിരിക്കും രാജിക്കത്തു കൈമാറാന്‍ ബെക്കിങ്ങാം കൊട്ടാരത്തിലേക്കു പുറപ്പെടുക.

രാജി സ്വീകരിച്ചാലുടന്‍ എലിസബത്ത് രാജ്ഞി പുതിയ കക്ഷിനേതാവിനെ പ്രധാനമന്ത്രിയാകാന്‍ ക്ഷണിക്കും. വൈകിട്ടോടെ പുതിയ പ്രധാനമന്ത്രിയുടെ ആദ്യപ്രസംഗം ഡോണിങ് സ്ട്രീറ്റ് പടവുകളില്‍ നടക്കും. നാളെ രാവിലെയാകും ആദ്യ മന്ത്രിസഭാ യോഗം. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. ഹിതപരിശോധനയില്‍ 52% ബ്രെക്‌സിറ്റിനെ അനുകൂലിച്ചുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നത തുടരുകയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *