Mon. Dec 23rd, 2024
കൊച്ചി:

ആള്‍ക്കൂട്ട വിചാരണകള്‍ പൊതു ഇടങ്ങളിന്‍ നിന്നുമാറി സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. പല വാര്‍ത്തകളും ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് പോലും സാമൂഹ്യ മാധ്യമങ്ങളില്‍കുറിക്കുന്ന വാക്കുകളില്‍ നിന്നുമാണ്. ഏറ്റവുമൊടുവില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയയായത് ആലത്തൂരിലെ എം.പി. രമ്യ ഹരിദാസാണ്. ഇത്തരം വിചാരണങ്ങളില്‍ വിധിയും ഇവര്‍ തന്നെ പ്രസ്താവിക്കാറുണ്ട്.

എന്തുകൊണ്ടാണ് രമ്യ മാത്രം ആക്രമിക്കപ്പെടുന്നത് എന്നതിന് ജാതി മാത്രമാണ് ഉത്തരം. എല്ലാ പാര്‍ട്ടികാര്‍ക്കും തങ്ങളുടെ സൈബര്‍ ഇടങ്ങളില്‍ പോരാളികള്‍ ഉണ്ട്. അനുകൂലിച്ചു പോസ്റ്ററുകള്‍ ഇടാനും, എതിര്‍ക്കുന്നവരെ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച് വ്യക്തിഹത്യ നടത്താനും ഇത്തരം ആളുകൾ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

സംഭവം

രമ്യാ ഹരിദാസിന് 14 ലക്ഷം രൂപയുടെ കാറു വാങ്ങി നല്‍കാന്‍ ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തീരുമാനിക്കുകയും, വാഹനം വാങ്ങുന്നതിനുളള പണത്തിനായ് 1000 രൂപയുടെ കൂപ്പണ്‍ അടിച്ചിറക്കുകയും ചെയ്തു. പൊതുജന പിരിവിനു പകരം പ്രവര്‍ത്തകര്‍ക്കിടയിലായിരുന്നു ഫണ്ട് പിരിവ്. സംഭവം വാര്‍ത്തയായതോടെ സൈബര്‍ പോരാളികള്‍ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തി.

കാര്‍ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് രമ്യ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്സിനുളളിലും സംഭവം ചര്‍ച്ചയായി. ഇതിനെ എതിര്‍ത്തുകൊണ്ടുള്ള കെ.പി.സി.സി. പ്രസിഡന്റിന്റെ നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്തു നല്‍കുന്ന കാര്‍ വാങ്ങേണ്ടതില്ലെന്ന നിലപാടുമായി രമ്യ ഹരിദാസ് പിന്‍മാറി. രമ്യയുടെ സ്ഥാനത്ത് താനാണെങ്കില്‍ ആ പണം സ്വീകരിക്കില്ലെന്നും എം.പി. മാര്‍ക്കു വാഹനം വാങ്ങുന്നതിനായി വായ്പ ലഭിക്കുമെന്നും, രമ്യയ്ക്ക് ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതെതുടര്‍ന്നാണ് രമ്യ ഹരിദാസ് കാര്‍ വേണ്ടെന്ന തീരുമാനം എടുത്തത്. മാത്രമല്ല കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കുമെന്നും പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് സാമൂഹ്യമാധ്യമത്തില്‍ പ്രതികരിച്ചു. മദര്‍ തെരേസയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് എം. പി. നിലപാട് വ്യക്തമാക്കിയത്.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാനശ്വാസം.ഞാന്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക് ഒരുപക്ഷേ, എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതയ്ക്കുവേണ്ടി ജീവന്‍ പണയം വെച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേയായിരിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയ എനിക്ക് അല്‍പ്പമെങ്കിലും ആശ്വാസവും സ്‌നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണ്. അവിടെ എന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്”.

‘ പെങ്ങളൂട്ടി ‘ രമ്യ ഹരിദാസും ഫെയ്‌സ്ബുക്കും

ആദ്യമായിട്ടല്ല രമ്യയുടെ കാര്യങ്ങള്‍ ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. 17 ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ ആലത്തൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കണ്ടെത്തിയ സ്ഥാനാർത്ഥിയാണ് രമ്യ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു അന്ന്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ജയസാധ്യത തീരെ കുറവായ സ്ഥാനാര്‍ത്ഥി ആയിരുന്നു രമ്യ . സിറ്റിംങ്ങ് എം.പിയായ പി.കെ ബിജുവിന്റെയും എല്‍.ഡി.എഫിന്റെയും കോട്ട.  തെരഞ്ഞെടുപ്പ് വേദികളില്‍ പാട്ട് പാടിയാണ് രമ്യ വോട്ട് ചോദിച്ചത്. എന്നാല്‍ സി.പി.എം. സഹയാത്രികയായ ദീപാ നിശാന്ത് പാട്ടു പാടി വോട്ട് ചോദിച്ചതിനെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടു. രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോര, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയോട് പറഞ്ഞത്. തുടര്‍ന്ന് വ്യാപകമായി തന്നെ ദീപയ്ക്കെതിരെയും രമ്യയ്ക്ക് അനുകൂലമായും കാമ്പയിൻ നടന്നു. ദീപാ നിശാന്ത് തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്കില്‍ മറുപടിയുമായി രമ്യ ഹരിദാസും രംഗത്ത് വന്നിരുന്നു. ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്ന് രമ്യ പറഞ്ഞു. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്.

ദീപ നിശാന്തിന്റെ പോസ്റ്റിനു ശേഷം അതുവരെ ഉണരാത്ത കേണ്‍ഗ്രസ് പ്രവര്‍ത്തകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നീട് സോഷ്യൽ മീഡിയ രമ്യയുടെ സ്വകാര്യജീവിതം ചര്‍ച്ച ചെയ്തു. പെങ്ങളൂട്ടി എന്നാണ് പിന്നീട് രമ്യഹരിദാസിനെ സൈബര്‍ ലോകം വിളിച്ചിരുന്നത്. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി. കെ. ബിജുവിനെതിരെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ അട്ടിമറി ജയവും രമ്യ നേടി. സാമൂഹ്യ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ ഫലം കണ്ട വിജയമായിരുന്നു അത്.

കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിനു ശേഷം ഏറ്റവും ചര്‍ച്ച ചെയ്തതും രമ്യയുടെ വിജയമായിരുന്നു. പിന്നീട് ശബരിമലയില്‍ കയറുന്നതുമായി ബന്ധപ്പെട്ട് രമ്യ നടത്തിയ പ്രസ്താവനയും ഇടതുപക്ഷ സൈബര്‍ പോരാളികള്‍ ഏറ്റു പിടിച്ചിരുന്നു. ശബരിമലയില്‍ പോകണമെന്നുണ്ടെന്നും എന്നാല്‍ ആചാരങ്ങള്‍ ലംഘിക്കാനില്ലെന്നമായിരുന്നു രമ്യ പറഞ്ഞത്.

14 ലക്ഷത്തിന്റെ കാറും സൈബര്‍ പോരാളികളും

കാറുവാങ്ങി നല്‍കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ വാര്‍ത്തയാക്കിയപ്പോള്‍ ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാര്‍ക്ക് ഉള്‍ക്കൊളളാന്‍ സാധിക്കുമായിരുന്നില്ല. ജാതിയത ഇന്നും ഉളളില്‍ കൊണ്ടു നടക്കുന്നതിന്റെ തെളിവാണ് രമ്യയയ്ക്ക് കാറു വാങ്ങി നല്‍കുമ്പോള്‍ ഉണ്ടാകുന്ന ഈ വെറുപ്പെന്ന് സൈബര്‍ ലോകത്തെ ദളിത് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ജാതിയില്‍ താഴെ തട്ടിലുളള സ്ത്രീകള്‍, സവര്‍ണ്ണ സ്ത്രീകള്‍ കൈയ്യാളുന്ന മേഖലയില്‍ വരുന്നതും അവര്‍ക്ക് അവിടെ സ്വീകാര്യത കിട്ടുന്നതും ഇവരെ സംബന്ധിച്ച് എത്ര പുരോഗമനം പറഞ്ഞാവും ദഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ്. ഇതേ ജാതീയതയാണ് സി.കെ ജാനു കാര്‍ വാങ്ങിയപ്പോഴും ഉണ്ടായത്. അതുകൊണ്ട് മാത്രമാണ് രമ്യയുടെ ശമ്പളവും അവരുടെ കടങ്ങളും ഇവര്‍ പൊതു മധ്യത്തില്‍ അഴിച്ചിടുന്നത്. ദളിത് അല്ലെങ്കില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ ഇത്തരം സോഷ്യല്‍ ഓഡിറ്റിങ്ങിന് സമൂഹമാധ്യമങ്ങളില്‍ ഇരയാകുന്നത്. എം.പിയുടെ ശമ്പളത്തിന്റെ വിശദമായ കണക്കും അവര്‍ക്ക് കാറു വാങ്ങാന്‍ എടുക്കാന്‍ പറ്റുന്ന ലോണിന്റെ കണക്കും സൈബര്‍ ലോകം നിരത്തുണ്ട്.

എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം തന്റെ ശമ്പളം ആലത്തൂരിലെ ജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുമെന്ന് എം.പി നേരത്തെ പറഞ്ഞിരുന്നു. മുൻപൊരിക്കൽ ലോൺ തിരിച്ചടവ് മുടങ്ങിയതിനാൽ പുതിയ ലോൺ കിട്ടാനുള്ള തടസ്സങ്ങളും അവർ വ്യക്തമാക്കിയിരുന്നു.

ജാതിയതയുടെ മറ്റൊരു തെളിവാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍. പറക്കും തളിക സിനിമയിലെ നിത്യാമേനോന്‍ കുളിക്കാന്‍ ഇറങ്ങുന്ന ചിത്രമാണ് ഇട്ടിരിക്കുന്നത്. വൃത്തിയില്ലാത്ത കറുത്തവള്‍ എം. പി ആയപ്പോള്‍ വെളുത്ത് സുന്ദരിയായിരിക്കുന്നു എന്നാണ് കാണിക്കുന്നത്.

അതിലും മോശമായ ഭാഷയിലാണ് ഇടതുപക്ഷ സൈബര്‍ പോരാളി രശ്മി ആര്‍ നായര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയുണ്ട് ശമ്പളം 10 ലക്ഷം രൂപ പലിശ ഇല്ലാതെ വാഹനവായ്പ കിട്ടും എന്തോ ഒരു ജീവി കടലില്‍ ചെന്നാലും എങ്ങനെയോ മാത്രമേ കുടിക്കു എന്ന് പറയുമല്ലോ എന്നായിരുന്നു പോസ്റ്റ്. വിവാദമായതോടെ ഈ പോസ്റ്റ് അവർ നീക്കം ചെയ്തിരുന്നു.

 

കാര്‍ വിവാദത്തിനും ഇടതുപക്ഷത്തിന്റെ ജാതി തിരഞ്ഞുള്ള സൈബര്‍ ആക്രമണത്തിനും എതിരെ നിലപാട് വ്യക്തമാക്കിയാണ് വി. റ്റി. ബല്‍റാം ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ചത്. ജാതിയത അഡ്രസ്സ് ചെയ്യാന്‍ അദ്ദേഹം അംബേദ്ക്കറിന്റെ പ്രസിദ്ധമായ വാക്കുകൾ ഉദ്ദരിച്ചു കൊണ്ടാണ് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടത്.

 

വി. റ്റി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകള്‍ മാലതിയാണ്. അവള്‍ക്ക് രണ്ടു വോയില്‍ സാരി കൊടുക്കുക. അല്‍പ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്ന് കടം തീര്‍ത്തു കൊള്ളാം’ എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാല്‍ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാന്‍ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.

എന്നാല്‍, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാര്‍ലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെണ്‍കുട്ടിക്ക് സ്വന്തം സഹപ്രവര്‍ത്തകര്‍ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താല്‍ അത് ആര്‍ത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയില്‍ക്കിടത്തല്‍.

മഹാനായ അംബേദ്കര്‍ ‘എ ബഞ്ച് ഓഫ് ബ്രാഹ്മിണ്‍ ബോയ്‌സ്’ എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവര്‍ണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാര്‍ക്കറ്റുള്ളൂ.

 

 

കേരളത്തില്‍ നിന്നുളള രണ്ടാമത്തെ ദളിത് വനിതാ എം. പി. രാഷ്ട്രീയത്തിലുളള ഒരു സ്ത്രീ ഇത്രമാത്രം സൈബര്‍ ഇടങ്ങളില്‍ വിചാരണ നേരിട്ടിട്ടില്ല. ഇടതു പക്ഷത്തിന് വിപരീതമായി സ്ത്രീ പ്രവര്‍ത്തിച്ചാള്‍ അവളെ വഴി പിഴച്ചവള്‍ എന്ന് മുദ്ര കുത്തും. എന്നാല്‍ അത് ദളിതരാണെങ്കില്‍ അവരെ പൊതു വിചാരണ നടത്തി സംവരണാനുകൂല്യ കഥകളും പാടി നടക്കും. പുരോഗമനം എത്ര പറഞ്ഞാലും പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തിന്റെ കഴിവുകള്‍ അംഗീകരിക്കാന്‍ ഇവിടത്തെ സവര്‍ണ്ണ പൊതുബോധം പേറുന്ന ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇവിടെ പ്രശ്‌നം ബക്കറ്റ് പിരിവോ , കൂപ്പണ്‍ പിരിവോ അല്ല പ്രശ്‌നം ദളിത് സ്ത്രീ കാര്‍ വാങ്ങുന്നത് മാത്രമാണ്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് അധികാരം കിട്ടിയാലും അവന്റെ ജീവിത നിലവാരം ഉയരുന്നത് സവര്‍ണ്ണ പൊതുബോധം പേറുന്നവന്റെ മനസ്സിലെ വൃണമായി കിടക്കുന്നു. അവയില്‍ നിന്നുളള ഗന്ധം ഇടക്ക് വരുമ്പോള്‍ അത് പുറത്തു കളയാനുളള മരുന്നാണ് ഫെയ്‌സ് ബുക്കിലെ പല പോസ്റ്റുകളും.

Leave a Reply

Your email address will not be published. Required fields are marked *