പ്രേഗ്:
മൂന്ന് ആഴ്ചയ്ക്കുള്ളിൽ അഞ്ചാം അന്താരാഷ്ട്ര സ്വര്‍ണ്ണത്തിലൂടെ ഇന്ത്യൻ കൗമാര അത്ലറ്റ് ഹിമ ദാസിന്റെ പടയോട്ടം. കഴിഞ്ഞദിവസം ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ഇരുപത് ദിവസത്തിനുള്ളില്‍ അഞ്ചാം സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരിക്കുന്നത്.
ഹിമ ദാസിന്റെ സീസണിലെ ആദ്യ നാനൂറ് മീറ്റര്‍ പോരാട്ടമായിരുന്നു ഇത്. തന്റെ പ്രിയപ്പെട്ട ഇനമായ 400 മീറ്ററിൽ ഈ സീസണില്‍ ഇതുവരെയുള്ള മികച്ച സമയമാണ് ഹിമ കുറിച്ചത്. തന്റെ കരിയറിലെ മികച്ച സമയത്തേക്കാൾ പിന്നിലാണെങ്കിലും ഈ സീസണിൽ മിന്നും കുതിപ്പ് തുടരുകയാണ് താരം. 52.09 സെക്കന്‍ഡിലാണ് ഹിമ നോവ് മെസ്റ്റില്‍ സ്വര്‍ണ്ണം നേടിയത്. 50.79 സെക്കൻഡിൽ 400 മീറ്റർ ഓടിയെത്തിയതാണ് ഇതുവരെയുള്ള താരത്തിന്റെ മികച്ച സമയം.
ജൂലൈ രണ്ടിന് പോളണ്ടില്‍വെച്ചായിരുന്നു പത്തൊമ്പതുകാരിയുടെ ജൈത്രയാത്ര തുടങ്ങുന്നത്. ജൂലൈ 2 ന് നടന്ന മല്‍സരത്തില്‍ 200 മീറ്റര്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഹിമ സ്വര്‍ണ്ണമണിഞ്ഞത്. ഏഴിന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക്സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണ്ണം നേടി. 23.97 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്.
ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്‌നോ അത്‌ലറ്റിക് മീറ്റിലും സ്വര്‍ണ്ണം. ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡ്. പിന്നാലെ ബുധനാഴ്ച ടബോര്‍ അത്‌ലറ്റിക് മീറ്റിലും ഹിമ ദാസ് സ്വര്‍ണ്ണം നേടി. ഹിമ സ്വർണം നേടിയ രണ്ട് തവണയും വെള്ളി സ്വന്തമാക്കിയത് മലയാളിയായ വി.കെ. വിസ്മയ ആയിരുന്നു.
ആസ്സാമിലെ നാഗോവാനിൽ ജനിച്ച ഹിമ നെൽപാടങ്ങൾക്കരികിലെ കളിയിടങ്ങളിൽ തന്റെ സ്ക്കൂളിലെ ആൺകുട്ടികളോടൊപ്പം ഫുട്‍ബോൾ കളിച്ചാണ് കായികരംഗത്തേക്ക് എത്തുന്നത്. സ്പോർട്ട്സ് ആന്റ് യൂത്ത് വെൽഫെയർ ഡയറക്ടറേറ്റ് അംഗവും കായിക പരിശീകനുമായ നിപ്പോൺ ദാസ് ആണ് ഹിമയിലെ അതിവേഗ ഓട്ടക്കാരിയെ കണ്ടെത്തുന്നത്.
ഫിൻലാന്റിലെ ടാമ്പെരെയിൽ വച്ചു നടന്ന 2018 ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ 51.46 സെക്കന്റുകൊണ്ട് പൂർത്തിയാക്കികൊണ്ട് ഹിമ സ്വർണ്ണമെഡൽ കരസ്ഥമാക്കിയിരുന്നു.