ശ്രീഹരിക്കോട്ട:
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ -2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്.
വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പ്പെട്ടു. ഇതോടെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതില്‍ ശാസ്ത്രജ്ഞര്‍ ആഹ്ളാദം പ്രകടിപ്പിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്.ഒ. അധികൃതര്‍ അറിയിച്ചു.
ബാഹുബലി എന്ന ഓമനപ്പേരുള്ള ജി.എസ്.എൽ.വി മാർക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നു ചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയാണ് ചന്ദ്രയാൻ കുതിക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ രണ്ടിലുള്ളത്.
സെപ്റ്റംബർ ആറിന് ഉപഗ്രഹത്തെ ചന്ദ്രനിലിറക്കാനാണ് ഐ.എസ്.ആർ.ഒ യുടെ പദ്ധതി. റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള അവസാന 15 മിനിറ്റാണ് ഏറെ നിർണായകം. ഭുവനേശ്വറിലെ സർക്കാർ സ്ഥാപനമായ സെൻട്രൽ ടൂണ്‍ഡ റൂം ആൻഡ് ട്രെയിനിംഗ് സെൻററിൽ (സി.ടി.ടി.സി. ) ആണ് ഉപഗ്രഹത്തിൻറെ നിർമിതികൾ രൂപപ്പെടുത്തിയത്.
ചന്ദ്രയാൻ-2 വഹിച്ചുയരുന്ന ജി.എസ്.എൽ.വിയുടെ മാർക്ക് 3 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്സൽ ജൂലൈ 20ന് പൂർത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കി.
https://www.facebook.com/ISRO/videos/708488529579600/