ന്യൂഡൽഹി:
ശനിയാഴ്ച അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്നു നടക്കും. ഇന്നലെ ഉച്ചയ്ക്കാണ് ഹൃദയസ്തംഭനത്തെത്തുടർന്ന് ഷീല ദീക്ഷിത് അന്തരിച്ചത്.
അവരുടെ മൃതദേഹം ആശുപത്രിയിൽ നിന്നും നിസാമുദ്ദീൻ ഈസ്റ്റിലെ വീട്ടിലേക്കു കൊണ്ടുപോയി. അന്തിമോപചാരം അർപ്പിക്കാനായി അവിടെ വെച്ച ശേഷം കോൺഗ്രസ് ആസ്ഥാനത്തേക്കു കൊണ്ടുപോകും. നിഗം ബോധ് ഘാട്ടിൽ ഉച്ചയ്ക്കു 2.30 ന് സംസ്കാരച്ചടങ്ങുകൾ നടക്കും. താന്‍ മരിച്ചാല്‍ സി.എന്‍.ജി. ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്നായിരുന്നു ഷീല ദീക്ഷിത് ആഗ്രഹിച്ചിരുന്നത്. അപ്രകാരം തന്നെ നിഗം ബോധ് ഘാട്ടിൽ ഷീല ദീക്ഷിത്തിന്റെ മൃതദേഹം ദഹിപ്പിക്കാനാണ് തീരുമാനം. 2012 ലാണ് യമുനാതീരത്തെ നിഗം ബോധ് ഘാട്ടിൽ സി.എന്‍.ജി. (പ്രകൃതിവാതക) മെഷീന്‍ സ്ഥാപിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം 3.55 നാണ് ഫോർട്ടിസ് എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യുട്ടിൽ വെച്ച് ഷീല ദീക്ഷിത് മരിച്ചത്. അവർക്കു 81 വയസ്സായിരുന്നു. മൂന്നു തവണ ഡൽഹിയുടെ മുഖ്യമന്ത്രിയായിരുന്നു അവർ.