തിരുവനന്തപുരം :
ഏറെ കൊട്ടിഘോഷിച്ച് തിരുവനന്തപുരം ടെക്നോ പാർക്കിൽ ആരംഭിച്ച നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ സർക്കാരിന്റെ ചുവപ്പു നാടയിൽ കുരുങ്ങുന്നവെന്ന പരാതിയുമായി നിസാൻ മോട്ടോർ കോർപറേഷൻ രംഗത്തെത്തി. നിസാൻ മോട്ടോർ കോർപ്പറേഷന്റെ സാങ്കേതികവിദ്യാ പ്രവർത്തനങ്ങൾക്കം ഗവേഷണങ്ങൾക്കുമുള്ള ആഗോള കേന്ദ്രമാണ് നിസാൻ ഡിജിറ്റൽ ഹബ്ബ്.
നിസാൻ ഡിജിറ്റൽ ടെക്നോളജി ഹബ്ബ് മൂന്നു വർഷത്തിനകം 3000 ഹൈടെക് സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു ഉദ്‌ഘാടനവേളയിൽ സർക്കാരിന്റെ അവകാശവാദം. എന്നാൽ, പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ സർക്കാർ തങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് നിസ്സാൻ മോട്ടോർ കോർപ്പറേഷൻ ചീഫ് ഡിജിറ്റൽ ഓഫീസർ സ്വാമിനാഥൻ ചീഫ് സെക്രട്ടറിക്കും കിഫ്ബി സി.ഇ.ഒ. കെ. എം. എബ്രഹാമിനും വിവിധ വകുപ്പുകൾക്കും കത്തു നൽകിയത്.
നിസാൻ ഡിജിറ്റൽ റിസർച്ച് ഹബ്ബ് സ്ഥാപിക്കാൻ വേണ്ടി ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാമെന്നും മറ്റു സാഹചര്യങ്ങൾ ഒരുക്കാമെന്നും പദ്ധതി തുടങ്ങും മുമ്പ് സർക്കാർ വാഗാദ്‌നം നൽകിയിരുന്നെന്നും ഈ വാക്കു പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തിയാണ് നിസ്സാൻ മോട്ടോർ കോർപ്പറേഷൻ സർക്കാരിന് നാല് പേജ് ഉള്ള കത്തയച്ചത്. ഹബ്ബ് സ്ഥാപിക്കുന്നതിനുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും കയറി ഇറങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ഏകജാലക സംവിധാനം പ്രയോഗികമായില്ലെന്നുമാണ് കമ്പനിയുടെ പരാതി.
ഡിജിറ്റൽ ഹബ്ബ് സ്ഥാപിക്കാനായി ടെക്‌നോപാർക്കിൽ എ ഗ്രേഡ് സ്‌പേസ് ഇല്ലാത്തതിനാൽ ടെക്ടോപാർക്കിലെ ഇൻഫോസിസ് കാമ്പസിൽ താൽക്കാലികമായാണ് ഇപ്പോൾ നിസ്സാൻ ഓഫീസ് പ്രവർത്തിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി രജിസ്‌ട്രേഷൻ ഫീസിൽ ഇളവ് നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, വാക്കു പറഞ്ഞതു പോലെ രജിസ്‌ട്രേഷൻ വകുപ്പ് അതിന് തയ്യാറായില്ലെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം. ലോക നിലവാരത്തിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് ആ നിലയിൽ പ്രവർത്തിക്കാൻ ഉതകുന്ന സാഹചര്യം ഇല്ലെന്നാണ് നിസ്സാൻ ചൂണ്ടിക്കാട്ടുന്നു.
അതിനു പുറമെ തിരുവനന്തപുരത്തു നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ അപര്യാപ്തത ഒരു പ്രധാന പ്രശ്‌നമായി മാറുന്നു എന്ന് നിസ്സാൻ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തു നിന്നും ഡൽഹി, ചെന്നൈ ഹൈദരാബാദ്, ബംഗളുരു തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനങ്ങൾ കുറവാണെന്നതും, ജപ്പാനിലേക്കുള്ള സിൽക്ക് എയർ തിരുവനന്തപുരം സർവീസ് റദ്ദാക്കിയതും നിസാൻ മോട്ടോഴ്‌സിന് തിരിച്ചടിയായി. തിരുവനന്തപുരത്തു നിന്നുള്ള വിമാന ചാർജ്ജും കൂടുതലാണ്.
ആദ്യം ചെന്നെയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന നിസാൻ ഡിജിറ്റൽ ഹബ്ബ് ആണ് കൊച്ചിയിലേക്ക് മാറ്റിയത്. അതിനാൽ ധാരണാ പത്രം ഒപ്പിട്ട വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഹബ്ബ് ചെന്നൈയിലേക്ക് മാറ്റേണ്ട കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാനകാര്യം. എന്നാൽ വിഷയം സർക്കാർ ചർച്ച ചെയ്യും എന്നും കമ്പനിയെ തിരുവനന്തപുരത്തു തന്നെ നിലനിർത്താൻ ശ്രമിക്കും എന്നാണ് ഐ.ടി. സെക്രട്ടറി ശിവശങ്കരൻ പറയുന്നത്.
മെക്കട്രോണിക്സിലും നിർമിത ബുദ്ധിയിലും ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ സാങ്കേതികവിദ്യയിലും മറ്റുമുള്ള വികസനമാണു തിരുവനന്തപുരത്തെ ഹബ് കൊണ്ട് നിസാൻ ഉദ്ദേശിച്ചിരുന്നത്. നിസാന് ഇത്തരം ഡിജിറ്റൽ ഹബ്ബുകൾ നിസാൻ ആസ്ഥാനമായ യോക്കോഹാമയിലും, ചൈനയിലും, പാരിസിലും, അമേരിക്കയിലെ നാഷ്‌വില്ലിലുമുണ്ട്. അഞ്ചാമത്തേതാണു തിരുവനന്തപുരം. ഇൻഫോസിസും, ടി.സി.എസും, ടെക്ക് മഹീന്ദ്രയുമെല്ലാം നിസാന്റെ സോഫ്റ്റ്‌വെയർ സപ്ലയർ കമ്പനികളാണ്.