ബ്യൂണസ് ഐറിസ്:
പ്രശസ്ത വാസ്തുശിൽപി സീസർ പെല്ലി (92) അന്തരിച്ചു. ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്സ്, ന്യൂയോർക്കിലെ വേൾഡ് ഫിനാൻഷ്യൽ സെന്‍റർ തുടങ്ങിയവ അംബരചുംബികളായ കെട്ടിടങ്ങളുടെ ശില്പിയായിരുന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു പെട്രോനാസ് ടവേഴ്സ് (452 മീറ്റർ.)
വെളളിയാഴ്ച ന്യൂ ഹെവനിൽ വെച്ചായിരുന്നു മരണം. അർജന്റീനയിൽ ജനിച്ച സീസർ പെല്ലി പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിക്കുകയായിരുന്നു. 1991 ഇൽ അമേരിക്കയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ശില്പിയായി സീസർ പെല്ലിയെ തിരഞ്ഞെടുത്തിരുന്നു.
ജപ്പാനിലെ ഒസാക്ക നാഷണൽ മ്യൂസിയം, മിനാപോളിസ് സെൻട്രൽ ലൈബ്രറി, സിറ സെന്റർ, സെവില്ല ടവർ തുടങ്ങിയവ അദ്ദേഹത്തിന്റെ ശില്പചാതുരിയിൽ നിർമ്മിക്കപ്പെട്ടതാണ്. ലോകമാകെ ഒട്ടേറെ തീയറ്ററുകൾക്കും സാംസ്കാരികകേന്ദ്രങ്ങൾക്കും രൂപം കൊടുത്തു. യേൽ യൂണിവേഴ്സിറ്റി ആർക്കിടെക്ചർ വിഭാഗം ഡീൻ ആയിരുന്നു.