നെടുങ്കണ്ടം:
നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയെന്നും അദ്ദേഹം പറഞ്ഞു.ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും സഹതടവുകാരില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് പ്രതികരിച്ചത്.
പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജയില്‍ അധികൃതരില്‍ നിന്നും രാജ്കുമാറിന്റെ സഹതടവുകാരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് രാജ്കുമാറിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നതായി രാജ്കുമാര്‍ പറഞ്ഞുവെന്ന് സഹതടവുകാരന്‍ കമ്മീഷനില്‍ മൊഴി നല്‍കി.ഈര്‍ക്കില്‍, മുളക് പ്രയോഗങ്ങള്‍ നടന്നതായി രാജ്കുമാര്‍ പറഞ്ഞെന്നാണ് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍.
പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കമ്മീഷന്‍. ജയില്‍ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. ഏഴ് പൊലീസുകാര്‍ പ്രതികളായുള്ള കേസാണിത്. ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാരിയെല്ലിന് സംഭവിച്ച ക്ഷതം പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകും.