മിർസാപൂർ :
ഉത്തർപ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും 10 പേരായിരുന്നു സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടത്. 24 പേര് ഗുരുതരാവസ്ഥയിലാണ്.
സന്ദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്കഗാന്ധി സമാധാനപരമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
“കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണണമെന്നുമാത്രമാണ് താൻ ആവശ്യപ്പെട്ടത്. നാലു പേരെ മാത്രമേ ഒപ്പം കൊണ്ടുപോവുകയുള്ളുവെന്നും പറഞ്ഞിരുന്നു . അത് കേൾക്കാൻ അധികൃതർ തയാറായില്ല” പ്രിയങ്ക കുറ്റപ്പെടുത്തി. എവിടേക്കാണ് തന്നെ കൊണ്ടു പോകുന്നതെന്ന് അറിയില്ലെന്നും എവിടേക്കാണെങ്കിലും പോകാൻ തയാറാണെന്നും പോലീസ് വാഹനത്തിൽ വച്ച് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.